മെക്സിക്കോയില്‍ വന്‍ ഭൂകമ്പം: 140 മരണം

മെക്സിക്കോ: മെക്സിക്കയുടെ തലസ്ഥാാനമായ മെക്സിക്കന്‍ സിറ്റിയിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 140 ആയി. റിക്ടര്‍ സ്കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂകമ്പം രാജ്യത്തെ തകര്‍ത്തെറിഞ്ഞു. കെട്ടിടങ്ങള്‍ പലതും തകര്‍ന്നുവീണു. മരങ്ങളും വൈദ്യുത പോസ്റ്റുകളും കടപുഴകി വീണു. വൈദ്യുതി, വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ തകരാറിലായി. ചില കെട്ടിടങ്ങളില്‍ തീപിടിത്തമുണ്ടായി. തകര്‍ന്ന് വീണ കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധി പേര് കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. അതിനാല്‍ തന്നെ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
മെക്സിക്കോ സിറ്റിക്ക് തെക്ക് കിഴക്കായി പെബ്ള സംസ്ഥാനത്തെ റാബോസോ പട്ടണത്തില്‍ 123 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യു.എസ് ഭൗമശാസ്ത്ര വകുപ്പ് പറഞ്ഞു. ഭൂകന്പം ഉണ്ടായയുടന്‍ ജനങ്ങള്‍ വീടുകള്‍ ഉപേക്ഷിച്ച് സുരക്ഷിത സ്ഥലം തേടി പരക്കം പാഞ്ഞു. കെട്ടിടങ്ങള്‍ ഞൊടിയിടയില്‍ തകര്‍ന്നുവീണു.
ഭൂകമ്പങ്ങള്‍ തുടര്‍ക്കഥയായ മെക്സിക്കോയില്‍ ഈ മാസമാദ്യം ഉണ്ടായ വന്‍ ഭൂചലനത്തില്‍ 61 പേര് കൊല്ലപ്പെട്ടിരുന്നു. ആയിരങ്ങള്‍ കൊല്ലപ്പെട്ട 1985ലെ ഭൂകമ്പത്തിന്റെ വാര്‍ഷികമായിരുന്നു ഇന്നലെത്തന്നെ മറ്റൊരു ഭൂകമ്പം ഉണ്ടായത് രാജ്യത്തെ കണ്ണീരാലാഴ്ത്തി.