Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

വേദിയില്‍ ഡ്രംസെറ്റില്‍ വിസ്മയം തീര്‍ത്ത് അമന്‍ദേവ്

വേദിയില്‍ വലിയൊരുഭാഗം കവര്‍ന്നു സജ്ജീകരിച്ച പല വലുപ്പത്തിലുള്ള ജാസ് ഡ്രമ്മുകള്‍ മാത്രമായിരുന്നു കര്‍ട്ടന്‍ ഉയര്‍ന്നപ്പോള്‍ കാണികള്‍ കണ്ടത്. 
തന്റെ സ്റ്റൂളില്‍ ശരിക്കൊന്നു നിവര്‍ന്നിരുന്നിട്ടും ഡ്രംസെറ്റിനപ്പുറത്തേക്ക് താനും യാതൊന്നും കണ്ടില്ലെന്ന് അമന്‍ദേവ് സുധീറും ഓര്‍ക്കുന്നു. പക്ഷെ പരിപാടി തുടങ്ങിയതോടെ രംഗം മാറി. ഡ്രമ്മുകളിലും സിംബലുകളിലും സ്റ്റിക് പായിച്ച് കൊച്ചു അമ ന്‍ സൃഷ്ടിച്ച വിസ്മതയാളത്തിന് കാണികള്‍ കയ്യടിച്ചു പ്രോല്‍സാഹനമേകി. പ്രോല്‍സാഹനത്തില്‍ രസം കയറിയതോടെ വായന കൂടുതല്‍ ചടുലമായി… കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജാസ് ഡ്രമ്മറുടെ അരങ്ങേറ്റമായിരുന്നു അത്. കാഞ്ഞങ്ങാട് സി.എം.ഐ ക്രൈസ്റ്റ് പബ്ലിക് സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു അമന്‍ദേവ് അന്ന് .
‘കുട്ടിക്ക് നാലു വരെ മാത്രം എണ്ണാന്‍ സാധിക്കുന്ന പ്രായത്തില്‍ നിങ്ങള്‍ എന്തു ചെയ്യും…? അവനൊരു ഡ്രം കിറ്റ് വാങ്ങിക്കൊടുക്കൂ..അവനെ സമ്മാനിതനെന്നു വിളിക്കൂ..’ ജര്‍മനിയില്‍ ജനിച്ച ലോകപ്രശസ്ത അമേരിക്കന്‍ ഡ്രമ്മര്‍ ഫ്രാങ്ക് എഡ്വിന്‍ റൈറ്റ് മൂന്നാമന്‍ എന്ന ട്രേകൂളിന്റെ പ്രശസ്ത വാചകമാണ് ഇത്. ഒരു പക്ഷെ ഏറ്റവും അധികം ഉദ്ധരിക്കപ്പെട്ട ഒരു വാക്യം. കോേളജ് പഠനകാലത്തു തന്നെ എ സോണ്‍, ഇന്റര്‍സോണ്‍ കലോല്‍സവങ്ങളി ല്‍ പേരെടുത്ത ഡ്രമ്മറായിരുന്ന വെള്ളിക്കോത്ത് സ്വ ര്‍ഗമഠത്തിലെ സുധീര്‍ പുറവങ്കര ഈ വാക്യത്തിന്റെ സ്വാധീനത്തിലാണോ എന്നറിയില്ല, തീരെ ചെറിയ പ്രായത്തില്‍ അമന്‍ദേവിന് ഒരു ഡ്രം സെറ്റ് വാങ്ങിക്കൊടുത്തു. താല്‍പ്പര്യമുണ്ടെന്നു തിരിച്ചറിഞ്ഞതോടെ കൊച്ചു താളങ്ങള്‍ പകര്‍ന്നുകൊടുത്തു. ഇവ കയ്യടക്കത്തോടെ വായിച്ചു തുടങ്ങിയതു ശ്രദ്ധയില്‍ പെട്ടതോടെ പഠനം പുരോഗമിച്ചു. കാല്‍മണിക്കൂര്‍ നീളുന്ന പരിപാടി സ്വന്തമായി അവതരിപ്പിക്കാമെന്ന നില വന്നതോടെ അരങ്ങേറ്റം നടത്തി. 
കാഞ്ഞങ്ങാട് ജേസീസിന്റെ ഫഌവര്‍ഷോയുടെ ഭാഗമായി നടന്ന കലാസന്ധ്യയിലായിരുന്നു ആദ്യ സ്‌റ്റേജ് ഷോ. ആയിരങ്ങള്‍ നിറഞ്ഞ സദസിനെ സാക്ഷിയാക്കി അമന്‍ദേവ് മികച്ച പ്രകടനം തന്നെ നടത്തി. പ്രായത്തെ വെല്ലുന്ന താളബോധവും വേഗതയും സദസിനെ പിടിച്ചിരുത്തി. മറ്റു ചില വേദികളിലേക്ക് ഇവിടെ നിന്നുതന്നെ ക്ഷണം ലഭിച്ചു. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡ്രമ്മര്‍ എന്ന അടിക്കുറിപ്പോടെ മാതാവ് ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥ രാജശ്രീദേവി യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഹിറ്റായതോടെ കേരളമെങ്ങും അമന്‍ദേവ് ശ്രദ്ധിക്കപ്പെട്ടു. രണ്ടു വര്‍ഷം മുമ്പ് സൂറത്കല്‍ മലയാളി സമാജത്തിന്റെ ഓണാഘോഷ വേദിയിലും അമന്‍ താരമായി. കാസര്‍കോട്ടെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളന വേദിയിലും ജാസ് ഡ്രം വായിച്ചു കയ്യടി നേടി.
ലോകപ്രശസ്ത ജാസ് ഡ്രം വാദകന്‍ ശിവമണിയാണ് അമന്‍ദേവിന്റെ മനസിലെ ആരാധനാ വിഗ്രഹം. ഓരോ വേദി പിന്നിടുമ്പോളും വര്‍ദ്ധിക്കുന്ന കയ്യടക്കവും വേഗതയും കൃത്യതയുമാണ് ഈ കൊച്ചുമിടുക്കനെ വ്യത്യ്‌സ്തനാക്കുന്നത്. വേഗതയാര്‍ന്ന വായനയ്‌ക്കൊപ്പം ഡ്രംസ്റ്റിക്കുകള്‍ കലാപരമായി കൈവിരലുകള്‍ക്കിടയില്‍ കറക്കുന്ന ഒരു പ്രയോഗം കൂടിയുണ്ട്. സ്‌കൂള്‍ കലോല്‍സവ വേദിയിലായാലും സ്റ്റേജ് ഷോകളില്‍ ആയാലും കാണികളെ ഹരം പിടിപ്പിക്കുന്നതിനുള്ള അമന്റെ തുരുപ്പു ചീട്ടാണ് ഇത്. ഇരു കൈകള്‍ കൊണ്ടും കാല്‍ കൊണ്ടും ഒരേ വേഗത്തില്‍ ഡ്രമ്മുകള്‍ വായിക്കുന്നതിനൊപ്പം രണ്ട് സിംബലുകളും ഹൈ ഹാറ്റ്‌സും കൈകാര്യം ചെയ്യുന്നതിലും പരിശീലനം നേടിക്കഴിഞ്ഞു. പാട്ടുകളുടെ ബീറ്റ്‌സ് വായിച്ചാണ് കാണികളെ കയ്യിലെടുക്കുന്നത്. 
ഒറ്റക്കൊരാള്‍ ജാസ് ഡ്രംസ് വായിക്കുന്ന സോളോ പരിപാടികളാണ് അമന്‍ദേവ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്. 
സിബിഎസ്ഇ വിദ്യാലയങ്ങളുടെ സഹോദയ സ്‌കൂള്‍ കലോല്‍സവത്തില്‍ ജാസ് ഡ്രം ഒരു മല്‍സര ഇനമല്ലാത്തത് അമനെ തെല്ലൊന്നുമല്ല വിഷമിപ്പിക്കുന്നത്. ഗ്രൂപ്പ് ഇനങ്ങളിലെല്ലാം അമന്റെ ജാസ് ഡ്രമ്മും ഉണ്ടാകും. തൃശൂരില്‍ നടന്ന കലോല്‍സവം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ ഡ്രംസ്റ്റിക് വിരലുകള്‍ക്കിടയിലിട്ടു കറക്കുന്ന ഈ ശിവമണി ആരാധകനെ കുറിച്ചു വാചാലരായിരുന്നു. കലാരംഗത്ത് സജീവമായ സഹോദരി ആരാധിതയും അമന് ഒപ്പം ഗ്രൂപ്പ് ഇനങ്ങളില്‍ പങ്കെടുക്കുന്നു. 
താന്‍ ആരാധിക്കുന്ന ശിവമണിയെപ്പോലെ വിവിധ വാദ്യോപകരണങ്ങള്‍ വേദിയില്‍ അണിനിരത്തി ആകര്‍ഷകമായ തനിയാവര്‍ത്തനങ്ങളും മനോധര്‍മങ്ങളും വായിച്ചു ജുഗല്‍ബന്ദിയൊരുക്കാന്‍ ഈ കൊച്ചുമിടുക്കനും താല്‍പര്യമുണ്ട്. സി.എം.ഐ ക്രൈസ്റ്റ് സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് ഇപ്പോള്‍.
റിഥം പാഡുകള്‍ കവര്‍ന്നെടുത്ത സംഗീത സ്റ്റേജ് ഷോകളുടെ കാലത്ത് വേദി നിറഞ്ഞു നില്‍ക്കുന്ന ജാസ് ഡ്രമ്മുകളുടെ സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിനു പിതാവ് സുധീറാണ് മറുപടി നല്‍കിയത്. ഇലക്ട്രോണിക് താളങ്ങളുടെ കൃത്രിമത്വം മടുത്ത് സംഗീത പ്രേമികള്‍ സംഗീതോപകരണങ്ങളിലേക്ക് തിരിച്ചു വരുന്നതാണ് വേദികളിലെ പുതിയ പ്രവണത. രണ്ടു നിരയില്‍ വയലിനുകളും ഡ്രമ്മുകളും സിംബലുകളും ഹൈ ഹാറ്റ്‌സും ഉള്‍പ്പെടെ സമ്പൂര്‍ണ ഡ്രം സെറ്റും ട്രിപ്പിള്‍ ഡ്രമ്മും ഒക്കെയായി നിരവധി കലാകാരന്മാര്‍ അണിനിരക്കുന്ന സംഗീതപരിപാടികളായിരിക്കും വരുംകാലത്തെ ആകര്‍ഷണം. അങ്ങനെയൊരു കാലത്ത് സംഗീത വേദികളിലെ കാസര്‍കോടന്‍ സാന്നിധ്യമായി അമന്‍ദേവും നിറഞ്ഞു നില്‍ക്കും തീര്‍ച്ച..

Comments

comments

Leave a Reply