Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ഡെങ്കിപ്പനി

മഴക്കാലം വന്നതോടെ ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണവും കൂടി. ഡെങ്കി 1, 2, 3, 4 എന്നിങ്ങനെ നാലുതരം ഡെങ്കി വൈറസുകള്‍ ഉണ്ട്. എഡിസ് ഈജിപ്റ്റി എന്ന കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. കൊതുക് കടിച്ചുകഴിഞ്ഞ് രണ്ടുമുതല്‍ ഏഴുദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ തുടങ്ങുന്നു.
ലക്ഷണങ്ങള്‍
പെട്ടെന്നു തുടങ്ങുന്ന കഠിനമായ പനി, തലവേദന, കണ്ണുകള്‍ക്ക് പിറകിലുള്ള വേദന, ശരീരവേദന, നടുവേദന എന്നിവയാണ് രോഗലക്ഷണങ്ങള്‍. എല്ലുകള്‍ നുറുങ്ങുന്നതുപോലെയുള്ള കഠിനമായ വേദനയാണ് ഡെങ്കിപ്പനിയുടേത്. കൈകാലുകളിലും ശരീരത്തിലും ചുവന്ന പാടുകള്‍, ഛര്‍ദ്ദി, വിശപ്പില്ലായ്മ എന്നിങ്ങനെയുള്ള ലക്ഷണങ്ങളും കാണാറുണ്ട്.
പനിയുടെ കാഠിന്യം കൂടുന്നതതിനനുസരിച്ച് ശരീരത്തിലെ പ്‌ളേറ്റ് ലെറ്റുകള്‍ കുറഞ്ഞുവരുന്നു. രക്തം കട്ടപിടിക്കാന്‍ സഹായിക്കുക എന്നതാണ് പ്‌ളേറ്റ്‌ലെറ്റുകളുടെ പ്രവര്‍ത്തനം. അതുകൊണ്ട് പ്‌ളേറ്റ് ലെറ്റു കുറയുമ്പോള്‍ രക്തസ്രാവം ഉണ്ടാകാനുള്ള സാദ്ധ്യത ഉണ്ടാവും. ആന്തരികാവയവങ്ങളിലോ, തലച്ചോറിലോ, കുടലിലോ തുടങ്ങി എവിടെ വേണമെങ്കിലും ജീവനുതന്നെ ഭീഷണി ആയേക്കാവുന്ന വിധത്തിലുള്ള രക്തസ്രാവം ഉണ്ടാകാം. പനി മാറിയതിനുശേഷമുള്ള 2 3 ദിവസത്തേക്ക് പ്‌ളേറ്റ് ലെറ്റു കുറയുന്നതായി കാണാറുണ്ട്. ഇങ്ങനെ വന്നാല്‍ രോഗിക്ക് പ്‌ളേറ്റ്‌ലെറ്റുകള്‍ കൊടുക്കേണ്ടതായി വരും.
ശ്രദ്ധിക്കാന്‍
. പനിക്ക് സ്വയം ചികിത്സിക്കാതിരിക്കുക.
. വെള്ളം ധാരാളം കുടിക്കുക, നിര്‍ജ്ജലീകരണം ഒഴിവാക്കുക, പഴങ്ങള്‍, പഴച്ചാറുകള്‍ എന്നിവ ഉപയോഗിക്കാം.
. വേദന സംഹാരികള്‍ ഒഴിവാക്കുക.
.രക്തസ്രാവം, നില്‍ക്കാതെയുള്ള ഛര്‍ദ്ദില്‍, പ്‌ളേറ്റ്‌ലെറ്റ് വളരെ താഴ്ന്നുപോകുക, ശ്വാസതടസം, മൂത്രത്തിന്റെ അളവു കുറയുക എന്നിങ്ങനെയുണ്ടെങ്കില്‍ രോഗത്തിന്റെ തീവ്രത കൂടുതലാണ്. ആശുപത്രിയില്‍ കിടന്ന് ചികിത്സിക്കുക.
കൊതുകിനെ നശിപ്പിക്കുക
ഡെങ്കിപ്പനിയ്‌ക്കെതിരെ ആന്റിബയോട്ടിക് , ആന്റിവൈറല്‍ എന്നിവ ഫലപ്രദമല്ല. ഡെങ്കിപ്പനിക്കെതിരായുള്ള വാക്‌സിന്‍ ഇന്ത്യയില്‍ ലഭ്യമായിത്തുടങ്ങിയിട്ടില്ല. നിങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് ഡെങ്കിപ്പനി ബാധിതര്‍ ഉണ്ടെങ്കില്‍ ഡെങ്കിവാഹകരായ കൊതുകുകള്‍ ആ പ്രദേശത്ത് ഉണ്ടെന്ന് ചുരുക്കം. കൊതുകിലൂടെ മാത്രം പകരുന്ന രോഗമായതുകൊണ്ട് കൊതുകിനെ നശിപ്പിക്കുക, കൊതുകുകടി കൊള്ളാതെ നോക്കുക എന്നിവയാണ് ഫലപ്രദമായ പ്രതിരോധ മാര്‍ഗങ്ങള്‍. കൂടാതെ, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ചിരട്ടകള്‍, തൊണ്ടുകള്‍, ടയറുകള്‍, പാത്രങ്ങള്‍ എന്നിവയില്‍ വെള്ളം കെട്ടിനില്‍ക്കുന്നുണ്ടെങ്കില്‍ മഴക്കാലത്ത് അവ കമഴ്ത്തി വെള്ളം കെട്ടാതെ സൂക്ഷിക്കുക, കാരണം ഇവയിലാണ് ഡെങ്കി കൊതുകുകള്‍ മുട്ടയിടുന്നത്.
ഒരു പ്രാവശ്യം ഡെങ്കിപ്പനി ബാധിച്ച ആള്‍ക്ക് കുറേ നാളുകള്‍ക്കുശേഷം, വീണ്ടും അടുത്ത വൈറസുകള്‍ കാരണം ഡെങ്കിപ്പനി ഉണ്ടായാല്‍ കൂടുതല്‍ ഗുരുതരാവസ്ഥയിലാകാറുണ്ട്. ഇതിന് ഡെങ്കി ഹെമറേജിക് പനി എന്നും ഡെങ്കി ഷോക്ക് സിന്‍ഡ്രോം എന്നും പറയും. ഇത്തരക്കാരില്‍ അമിതമായ രക്തസ്രാവം ഉണ്ടാകുകയും രക്തസമ്മര്‍ദ്ദം വളരെയധികം താഴ്ന്നുപോയി മരണം പോലും സംഭവിച്ചേക്കാം. അതുകൊണ്ട് കൊതുകിനെ നശിപ്പിക്കുക, ഡെങ്കിപ്പനിയെ പ്രതിരോധിക്കുക.

Comments

comments

Leave a Reply