Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ഹോസ്ദുര്‍ഗ് ഭവനനിര്‍മ്മാണ സഹകരണ സംഘം തിരഞ്ഞെടുപ്പില്‍ ഇത്തവണ തീപാറുന്ന മത്സരം


കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് ഭവനനിര്‍മ്മാണ സഹകരണ സംഘം ഭരണ സമിതി തിരഞ്ഞെടുപ്പില്‍ ഇത്തവണ തീപാറുന്ന മത്സരത്തിന് അരങ്ങൊരുങ്ങി.
ഒക്‌ടോബര്‍ 21 ന് ഹോസ്ദുര്‍ഗ് യു.ബി.എം.സി സ്‌കൂളില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 4 മണിവരെയാണ് വോട്ടെടുപ്പ്. വര്‍ഷങ്ങളായി കോലീബി സഖ്യമാണ് സംഘം ഭരിക്കുന്നത്. എന്നാല്‍ ഇത്തവണ ബി.ജെ.പിയെ യു.ഡി.എഫ് മുന്നണിയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് കോണ്‍ഗ്രസും ലീഗും തീരുമാനിക്കുകയായിരുന്നു. മൊത്തം 2900 വോട്ടര്‍മാരാണ് സംഘത്തിലുള്ളത്. ഇതില്‍ 750 വോട്ട് ഒഴികെ മറ്റ് വോട്ടുകള്‍ യു.ഡി.എഫ് വോട്ടുകളാണ്. എന്നാല്‍ കഴിഞ്ഞകാല ഭരണസമിതി തിരഞ്ഞെടുപ്പുകളില്‍ വോട്ട് രേഖപ്പെടുത്തുന്നതിലധികവും ബി.ജെ.പിക്കാരായിരുന്നു. സിപിഎമ്മിനും ബി.ജെ.പിക്കും തിരഞ്ഞെടുപ്പുകളില്‍ ഉണ്ടാകുന്ന വീറും വാശിയും കോണ്‍ഗ്രസും ലീഗും മറ്റ് ഘടകകക്ഷികളും കാണിക്കാറില്ല.
ഇത്തവണ എന്‍.അശോക് കുമാര്‍, വി.കെ.ഉണ്ണികൃഷ്ണന്‍, എം.വി.ബാലകൃഷ്ണന്‍, എ.കെ.സുരേഷ്, എം.ശങ്കരന്‍, കെ.കാര്‍ത്യായനി, എം.ഗീത, എം.പൂര്‍ണിമ, ടി.കെ.വത്സലന്‍ എന്നീ ബി.ജെ.പി സ്ഥാനാര്‍ത്ഥികളും വി.മാധവന്‍ നായര്‍, സി.ശ്യാമള, ടി.എച്ച്.അബ്ദുള്‍ ഖാദര്‍, ടി.വി.ഉമേഷ്, വി.വി.നിഷാന്ത്, കെ.രവീന്ദ്രന്‍, വി.വി.ഉഷ, എ.കെ.റസിയ, വി.ഗോപാലന്‍ എന്നീ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളും തമ്മിലാണ് പ്രധാന മത്സരം. ബി.ജെ.പിയുടെ മുഴുവന്‍ വോട്ടുകളും പോള്‍ ചെയ്യിക്കുകയും യുഡിഎഫിന്റെ വോട്ടുകള്‍ പകുതിപോലും ചെയ്യാതിരിക്കുകയും ചെയ്താല്‍ ബി.ജെ.പി ഭവനനിര്‍മ്മാണ സഹകരണസംഘം തനിച്ച് പിടിച്ചെടുക്കും.
മാര്‍ക്കറ്റിംഗ് സൊസൈറ്റിയിലും ഹോസ്ദുര്‍ഗ് ബാങ്കിലും കോലീബിയാണ് ഭരിക്കുന്നത്. അവിടെയും ഇത്തവണ ബി.ജെ.പിയെ ഒഴിവാക്കി കോണ്‍ഗ്രസും ലീഗും മറ്റ് ഘടകകക്ഷികളും ചേര്‍ന്നാവും മത്സരം. ഭവനനിര്‍മ്മാണ സംഘം പിടിച്ചെടുക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞാല്‍ ഹോസ്ദുര്‍ഗ് ബാങ്ക് തിരഞ്ഞെടുപ്പിലും മാര്‍ക്കറ്റിംഗ് സൊസൈറ്റി തിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കും. ബി.ജെ.പിയെ സംബന്ധിച്ച് ഹോസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്കിലും കോട്ടച്ചേരി മാര്‍ക്കറ്റിംഗ് സൊസൈറ്റിയിലും അടുത്ത് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ട്രയലാണ് ഹൗസിംഗ് സഹകരണ സംഘത്തിലെ തിരഞ്ഞെടുപ്പ്. ഭവനനിര്‍മ്മാണ സഹകരണ സംഘം തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ റിബലുകള്‍ തലപൊക്കിയത് ബ്ലോക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും ഡി.സി.സിയുടെയും പിടിപ്പുകേടായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാണുന്നത്. റിബലുകളുമായി ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ചര്‍ച്ചക്ക് പോയത് മറ്റ് ഡി.സി.സി ഭാരവാഹികളെ ഒപ്പം കൂട്ടാതെയാണ്. പകരം ചാക്കനെയും പോക്കനേയും ബലാത്സംഗക്കേസില്‍ ജയിലില്‍ കിടന്നവനെയും ചര്‍ച്ചക്ക് കൊണ്ടുപോയതായും കോണ്‍ഗ്രസുകാര്‍ ആരോപിച്ചു.
തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പത്രികാസമര്‍പ്പണ വേളയില്‍ റിബലുകളായി വി.ഗോപിയുടെ അനുയായികളും എം.സി.ജോസിന്റെ അനുയായിയും രംഗത്തുണ്ടായിരുന്നു. ഗോപിയുടെ അനുയായികളായ മുങ്ങത്ത് രവീന്ദ്രന്‍, മുട്ടില്‍ പ്രകാശന്‍ എന്നിവരുടെ പത്രികകള്‍ സൂക്ഷ്മപരിശോധനയില്‍ തള്ളിപോയി. ഇതോടെ വി.ഗോപിയുടെ ഗ്രൂപ്പുകാരായ നെല്ലിക്കാട്ടെ പുരുഷോത്തമന്‍, ഞാണിക്കടവിലെ കെ.ചന്ദ്രന്‍ എന്നിവര്‍ നിരുപാധികം പത്രിക പിന്‍വലിക്കുകയാണുണ്ടായത്. ഹോസ്ദുര്‍ഗ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ സീറ്റ് വാങ്ങിയെടുക്കാനുള്ള സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമായാണ് ഗോപി ഗ്രൂപ്പുകാര്‍ റിബലുകളായി രംഗത്തിറങ്ങിയത്. പക്ഷേ അത് നനഞ്ഞ പടക്കമായി മാറുകയാണുണ്ടായത്.

Comments

comments