Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

കോട്ടയം യാത്രക്കിടയില്‍ നെഞ്ചുവേദന; രാത്രി അഡ്മിറ്റായ ഫ്രാങ്കോയെ രാവിലെ ഡിസ്ചാര്‍ജ് ചെയ്ത് പാലാ കോടതിയിലെത്തിച്ചു


കോട്ടയം: രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്നലെ രാത്രി കോട്ടയം മെഡിക്കല്‍ കോളേജ് ഐ.സി.യുവില്‍ പ്രവേശിപ്പിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് രാവിലെ ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രിക്ക് പുറത്തെത്തിച്ച ഫ്രാങ്കോയെ ജനം കൂക്കി വിളിച്ചു. തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് പോലീസ് കോട്ടയത്തെ പോലീസ് ക്ലബ്ബിലെത്തിച്ചത്. കോട്ടയം ജനറല്‍ ആശുപത്രിയില്‍ ബിഷപ്പിനെ വീണ്ടും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. തുടര്‍ന്ന് പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയതോടെയാണ് രാവിലെ എട്ടരയോടെ ഡിസ്ചാര്‍ജ് ചെയ്തത്. ഇ.സി.ജിയില്‍ ചെറിയ വ്യതിയാനം കണ്ടതിനെ തുടര്‍ന്നാണ് ഇന്നലെ രാത്രി 10.45ന് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
തൃപ്പൂണിത്തുറ ജനറല്‍ ആശുപത്രിയില്‍ ഇന്നലെ രാത്രി നടത്തിയ പ്രാഥമിക പരിശോധനയ്ക്കിടെ ബിഷപ്പിന് ഇ.സി.ജിയില്‍ നേരിയ വ്യതിയാനം കണ്ടെത്തിയിരുന്നു. കോട്ടയം പോലീസ് ക്ലബിലേക്ക് കൊണ്ടുവരും വഴി ഏറ്റുമാനൂര്‍ കഴിഞ്ഞപ്പോള്‍ തനിക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നതായി അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പി സുഭാഷിനോട് പറഞ്ഞതോടെ വാഹനവ്യൂഹം നേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു. കോട്ടയം ജില്ലാ പോലീസ് മേധാവി വഴി വിവരം അറിയിച്ചതോടെ കാര്‍ഡിയോളജി വിഭാഗം തയ്യാറായി. വന്‍ പോലീസ് സന്നാഹം കുതിച്ചെത്തുകയും ചെയ്തു. 500ലധികം പോലീസുകാരും 50 റാപ്പിഡ് ടീമും മെഡിക്കല്‍ കോളേജ് പരിസരത്ത് എത്തിയിരുന്നു.
അതേസമയം ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കാനാണ് ബിഷപ്പിന്റെ അഭിഭാഷകരുടെ തീരുമാനം. ജാമ്യം നല്‍കണമെന്നും ചോദ്യം ചെയ്യലുമായി സഹകരിക്കുന്ന ആളാണെന്നും ഏത് സമയം ആവശ്യപ്പെട്ടാലും ഹാജരാകുമെന്നും ബിഷപ്പിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിക്കും. എന്നാല്‍, ഫ്രാങ്കോയെ മൂന്ന് ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും കുറവിലങ്ങാട്ടെ മഠത്തിലടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനുമാണ് ഫ്രാങ്കോയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് ആവശ്യപ്പെടുന്നത്. കൂടാതെ ഫ്രാങ്കോയുടെ ലൈംഗികശേഷി പരിശോധനയും നടത്തേണ്ടതുണ്ട്. ഫ്രാങ്കോയ്‌ക്കെതിരെയുള്ളത് സെഷന്‍സ് കേസാണ്. അതുകൊണ്ടുതന്നെ ജാമ്യം കൊടുക്കാന്‍ പാലാ മജിസ്‌ട്രേറ്റ് കോടതിക്ക് അധികാരമില്ല. ഇന്ന് ഫ്രാങ്കോയെ കോടതി പോലീസിന് വിട്ടുകൊടുത്താല്‍ തന്നെ തിങ്കളാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കേണ്ടിവരും. മുന്‍കൂര്‍ ജാമ്യത്തിനുള്ള അപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത് ചൊവ്വാഴ്ചയാണ്. സ്വാഭാവികമായും കോടതി ഫ്രാങ്കോയെ തിങ്കളാഴ്ച ജയിലിലേക്ക് അയക്കും. ഇനി അതല്ല ജയില്‍വാസം തല്‍ക്കാലം ഒഴിവാകണമെങ്കില്‍ തിങ്കളാഴ്ച വീണ്ടും നെഞ്ചുവേദനയോ മറ്റ് അസുഖമോ വരണം. ബിഷപ്പിനുവേണ്ടി അഡ്വ.ബി. രാമന്‍പിള്ള ഹാജരാവും. നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നടന്‍ ദിലീപിന്റെ അഭിഭാഷകനാണ് രാമന്‍പിള്ള.

Comments

comments