Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

20 മണ്ഡലങ്ങളില്‍ ജയിക്കണം; എന്തുവേണമെന്ന് എ.ഐ.സി.സി


കാസര്‍കോട്: കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും എങ്ങനെ ജയിക്കാന്‍ കഴിയുമെന്ന് കെപിസിസി നേതൃസംഘം സന്ദര്‍ശിച്ച് വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് എഐസിസി ആവശ്യപ്പെട്ടു.
കെ.പി.സി.സിയുടെ റിപ്പോര്‍ട്ട് ഇല്ലാത്തതുകൊണ്ടാണ് മുമ്പ് മുഴുവന്‍ മണ്ഡലങ്ങളിലും ജയിക്കാന്‍ കഴിയാത്തതെന്നാണ് എ.ഐസിസിയുടെ വിലയിരുത്തല്‍. ഇത്തരം അബദ്ധധാരണകളുമായാണ് ഇനിയും എഐസിസി മുമ്പോട്ട് പോകുന്നതെങ്കില്‍ അടുത്തകൊല്ലം നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കൂട്ടത്തോല്‍വി ഉറപ്പാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നു. ഓരോ മണ്ഡലത്തിലും ജയിക്കാന്‍ എങ്ങനെ കഴിയുമെന്നാണ് എഐസിസി ചോദിച്ചിരിക്കുന്നത്. അതിന് ലളിതമായ ഉത്തരം മാത്രം. ഭൂരിപക്ഷം കിട്ടുന്നത്ര വോട്ട് പിടിക്കണം.
ഡിസിസി പ്രസിഡന്റുമാരോട് ജില്ലകളിലെ രാഷ്ട്രീയ സ്ഥിതി ആരാഞ്ഞതിനു പിന്നാലെയാണിത്. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അശോക് ഗെലോട്ടിന്റെ ഇതു സംബന്ധിച്ച കത്ത് കെപിസിസിക്കു ലഭിച്ചു. പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ്, എഐസിസി ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരെ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഡല്‍ഹിക്ക് വിളിച്ചു ചര്‍ച്ച നടത്തും. ഈ മാസം അവസാനവാരമായിരിക്കും ഈ ആശയവിനിമയം. കേരളത്തിലെ മിക്കമണ്ഡലങ്ങളിലും യുഡിഎഫിന് ബൂത്തുകമ്മറ്റി സജീവമല്ല. വടക്കേഅറ്റത്തെ കാസര്‍കോട് ജില്ലയിലെ സ്ഥിതി പരമദയനീയമാണ്. ഡിസിസി പ്രസിഡണ്ട് ഉദ്ഘാടന ലഹരിയിലാണ്. പത്രത്തില്‍ ഫോട്ടോയും വാര്‍ത്തയും ദിവസം മൂന്നൂം നാലും എണ്ണം ഉണ്ടാകണം. ജില്ലയില്‍ പാര്‍ട്ടി ഉണ്ടോ എന്നുപോലും ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ അന്വേഷിക്കാറില്ല. ആളുകളെ സംഘടിപ്പിച്ച് ധര്‍ണ്ണ, പിക്കറ്റിംഗ് ഉദ്ഘാടന ഫോട്ടോ ഇതാണ് പാര്‍ട്ടി പരിപാടിയായി കണക്കാക്കിയിരിക്കുന്നത്.
ലോക്‌സഭാ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പു ചരിത്രം, മണ്ഡലത്തിന്റെ സാമൂഹിക സ്ഥിതി, കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തിന്റെ ശക്തി– ദൗര്‍ബല്യങ്ങള്‍, മണ്ഡലത്തില്‍ ജയിക്കണമെങ്കില്‍ കിട്ടേണ്ട വോട്ട് വിഹിതം, അവസാന തിരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ട്, ആ വിഹിതം കൂട്ടണമെങ്കില്‍ അവലംബിക്കേണ്ട തന്ത്രം, മണ്ഡലത്തിലെ സംഘടനാ സംവിധാനത്തിന്റെ അവസ്ഥ, തിരഞ്ഞെടുപ്പു ഫലത്തെ തന്നെ ബാധിക്കാവുന്ന മണ്ഡലത്തിലെ പ്രശ്‌നങ്ങളെന്തൊക്കെ, മണ്ഡലത്തിലെ ശക്തരും സ്വാധീനമുള്ളവരുമായ കോണ്‍ഗ്രസ് നേതാക്കള്‍ ആരൊക്കെ തുടങ്ങിയ വിവരങ്ങളാണ് എഐസിസി ആവശ്യപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് തയാറെടുപ്പുനേരത്തെ തുടങ്ങണമെന്നും കേന്ദ്രനേതൃത്വം കെപിസിസിയോട് ആവശ്യപ്പെട്ടു. സി.കെ.ശ്രീധരന്റെ പക്കല്‍ നിന്നാണ് ഹക്കീം കുന്നില്‍ ഡിസിസി പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്തത്. സി.കെ ഡി.സി.സി പ്രസിഡണ്ടായതുമുതല്‍ തന്നെ കാസര്‍കോട് ജില്ലയില്‍ പാര്‍ട്ടിയുടെ നാശവും തുടങ്ങിയിരുന്നു. ഹക്കീം കുന്നിലിലൂടെ അത് ഏതാണ്ട് പൂര്‍ത്തിയായി. യുഡിഎഫ് ഭരണത്തിലുണ്ടായിരുന്ന കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി എല്‍ഡിഎഫിന് ഏല്‍പ്പിച്ചുകൊടുക്കുന്നതില്‍ സി.കെ.ശ്രീധരന്‍ വലിയ പങ്കുവഹിച്ചിരുന്നു.

Comments

comments