Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

പോലീസിനെതിരായ പരാതിക്കും പോലീസ് സഹായം നല്‍കണം; മാധ്യമ ഇടപെടല്‍ ഒഴിവാക്കണമെന്ന് ഡിജിപി


തിരുവനന്തപുരം: പരാതിയുമായി എത്തുന്നവരോട് മാന്യമായി പെരുമാറണമെന്ന് പൊലീസുകാര്‍ക്ക് ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ നിര്‍ദ്ദേശം.
പരാതിക്കാര്‍ മാധ്യമങ്ങളെ സമീപിക്കുന്നത് പോലീസിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുവെന്നും സമീപനം മാറ്റണമെന്നും ഡിജിപിയുടെ ഏഴിന നിര്‍ദ്ദേശത്തില്‍ പറയുന്നു. വിദേശ വനിതയുടെ മരണം, കെവിന്റെ മരണം, ശ്രീജിത്തിന്റെ കസ്റ്റഡി മരണം എന്നിവയുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. പരാതിക്കാര്‍ നേരിട്ട് മാധ്യമങ്ങളെ സമീപിച്ചതോടെ പൊതുസമൂഹത്തില്‍ പോലീസിനെതിരായ വികാരം രൂപപ്പെട്ടുവെന്നു ഡിജിപി പറയുന്നു. പോലീസിനെതിരെ പരാതി നല്‍കിയാല്‍ വലിയ പരിഗണന നല്‍കണമെന്നും പരാതിപ്പെടേണ്ട മേലുദേ്യാഗസ്ഥന്റെ പേര് സ്‌റ്റേഷനില്‍ എഴുതി വയ്ക്കണമെന്നും ജൂണ്‍ ആദ്യം പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കെവിനെ കാണാനില്ലെന്ന് പരാതി നല്‍കാന്‍ വന്നപ്പോള്‍ അന്വേഷിക്കാന്‍ ആളില്ല, മുഖ്യമന്ത്രിക്ക് എസ്‌കോര്‍ട്ട് പോയി എന്ന് കെവിന്റെ ബന്ധുക്കള്‍ക്ക് പോലീസ് നല്‍കിയ മറുപടി വിവാദമായിരുന്നു. സ്‌റ്റേഷനില്‍ നിന്നും നല്ല പെരുമാറ്റം ഉണ്ടായാല്‍ പരാതിക്കാര്‍ മാധ്യമങ്ങളെ സമീപിക്കില്ലെന്നും പരാതിയുടെ ശരിയായ വഴികള്‍ പറഞ്ഞ് കൊടുത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥനിലേക്ക് എത്തിക്കണമെന്നും ബഹ്‌റ പറയുന്നു. ഡിവൈഎസ്പി മുതല്‍ ഐജി വരെയുള്ള ഉേദ്യാഗസ്ഥര്‍ ഇക്കാര്യം ശ്രദ്ധിക്കണം. സ്‌റ്റേഷനില്‍ വരുന്നവര്‍ നിരാശരായി പോകാന്‍ പാടില്ലെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. സഹായിക്കാത്ത ഉദേ്യാഗസ്ഥര്‍ക്കെതിരെ ‘തുണ’യില്‍ ഓണ്‍ലൈനായി പരാതി നല്‍കാം. ഏഴ് ദിവസത്തിനകം നടപ്പിലാക്കണമെന്നായിരുന്നു ഡിജിപിയുടെ നിര്‍ദ്ദേശം.

Comments

comments