Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

കോഴിക്കോടും മലപ്പുറത്തും ഉരുള്‍പൊട്ടല്‍; നാല് മരണം; 11 പേരെ കാണാതായി


കോഴിക്കോട്: ഇന്നലെ രാത്രി പെയ്ത കനത്ത മഴയില്‍ കോഴിക്കോട് മലയോര മേഖലയില്‍ പലയിടത്തും ഉരുള്‍പൊട്ടി. കരിഞ്ചോലയില്‍ ഉരുള്‍പൊട്ടി നാലുവീടുകള്‍ ഒലിച്ചുപോയി. നാല്‌പേര്‍ മരണപ്പെട്ടു. ഇതില്‍ മൂന്നുപേര്‍ കുട്ടികളാണ്. 11 പേരെ കാണാതായി ഇവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്. 48 അംഗ കേന്ദ്ര ദുരന്ത നിവാരണ സേന കോഴിക്കോട്ടേക്ക് വന്നുകൊണ്ടിരിക്കുകയാണ്.
കരിഞ്ചോലയില്‍ വീട്ടിനുള്ളില്‍ കുടുങ്ങിപ്പോയ ഒമ്പതു വയസുകാരി ദില്‍നയും സഹോദരനും മരിച്ചു. മലമുകളില്‍ സ്വകാര്യ വ്യക്തി നിര്‍മ്മിച്ച തടയണ തകര്‍ന്നതാണ് ഈ മേഖലയില്‍ കനത്ത നാശനഷ്ടമുണ്ടാക്കിയത്. പുലര്‍ച്ചെ നാലുമണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. ഏറെ നേരം മണ്ണിനടിയില്‍ കിടന്ന കുടുംബത്തെ ആശുപത്രിയില്‍ എത്തിച്ചു. അവിടെ വെച്ചാണ് ദില്‍ന മരിച്ചത്.
കരിഞ്ചോലയിലെ ഹസന്‍ എന്നയാളുടെ കുടുംബത്തിലെ ഏഴു പേരേയും അബ്ദുറഹിമാന്റെ കുടുംബത്തിലെ നാല് പേരെയുമാണ് കാണാതായത്. ഇവരില്‍ രണ്ട് പേരെ പുറത്തെടുത്തു.
കക്കയം, പുല്ലൂരാമ്പാറ, കരിഞ്ചോല, ചമല്‍, കട്ടിപ്പാറ, വേനപ്പാറ മേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. മലപ്പുറം ജില്ലയിലെ എടവണ്ണ ചാത്തല്ലൂരിലും ആനക്കല്ലിലും ഉരുള്‍പൊട്ടി. വയനാട്ടില്‍ വൈത്തിരി തളിപ്പുഴയില്‍ വീടു തകര്‍ന്ന് രണ്ടു പേര്‍ക്ക് പരിക്കേറ്റു. കക്കയം ടൗണിന് സമീപവും ഉരുള്‍പൊട്ടലുണ്ടായി. വെള്ളപ്പൊക്കത്തില്‍ തിരുവമ്പാടി മേഖല പൂര്‍ണമായും ഒറ്റപ്പെട്ടു. ബാലുശേരി മങ്കയത്തും നിരവധി വീടുകള്‍ തകര്‍ന്നു. കോഴിക്കോട് കൊല്ലഗല്‍ ദേശീയ പാതയില്‍ താമരശേരി ചുരത്തില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വയനാട് ഭാഗത്തു നിന്ന് കുറ്റിയാടി ചുരം വഴിയാണ് കോഴിക്കോട് ഭാഗത്തേക്ക് വാഹനങ്ങള്‍ യാത്ര ചെയ്യുന്നത്.
ചാലിയാര്‍, ഇരുവഞ്ഞിപ്പുഴ, പൂനൂര്‍ പുഴ, ചാലക്കുടിപ്പുഴ എന്നിവ പലയിടത്തും കരകവിഞ്ഞൊഴുകയാണ്. മലപ്പുറത്ത് എട്ടു പഞ്ചായത്തുകളില്‍ കൃഷിസ്ഥലത്തും വീടുകളിലും വെള്ളം കയറി. തൃശൂര്‍ ജില്ലയുടെ മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. പെരിങ്ങല്‍കുത്ത് ഡാമിന്റെ ഷട്ടറുകള്‍ എല്ലാം തുറന്നുവിട്ടതായി കെ.എസ്.ഇ.ബി അറിയിച്ചു.മണ്ണിടിഞ്ഞുവീണ് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ ചെറുപുഴ റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു.

Comments

comments