Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ബസ് കണ്ടക്ടര്‍, പിന്നെ യാത്രക്കാരന്‍ ഇപ്പോഴിതാ തച്ചങ്കരി മറ്റൊരുവേഷത്തിലും


തിരുവനന്തപുരം: മാധ്യമങ്ങളെ അറിയിച്ച് വിവിധ വേഷങ്ങള്‍ കെട്ടുന്നതില്‍ സമര്‍ത്ഥനായ ഐ.പി.എസുകാരനാണ് കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടര്‍ ടോമിന്‍ തച്ചങ്കരി. പിണറായി സര്‍ക്കാരിന്റെ ഇഷ്ടക്കാരനുമാണ് ഇദ്ദേഹം.
തമ്പാനൂര്‍ ബസ് സ്‌റ്റേഷനില്‍ തച്ചങ്കരി ഇന്ന് സ്‌റ്റേഷന്‍ മാസ്റ്ററുടെ വേഷത്തിലാണ്. അരക്കയ്യന്‍ വെള്ള ഷര്‍ട്ടും കറുത്ത പാന്റും ഐ.ഡി കാര്‍ഡും ധരിച്ച് രാവിലെ എട്ടുമണിയോടെയാണ് തച്ചങ്കരി സ്‌റ്റേഷന്‍ മാസ്റ്ററുടെ ഡ്യൂട്ടി ഏറ്റെടുത്തത്. സ്‌റ്റേഷന്‍ മാസ്റ്റര്‍ സന്തോഷിനായിരുന്നു ഇന്ന് ഡ്യൂട്ടി. സന്തോഷ് രാവിലെ ഡ്യൂട്ടിക്കെത്തിയെങ്കിലും മാനേജിംഗ് ഡയറക്ടര്‍ സ്‌റ്റേഷന്‍ മാസ്റ്ററാകാനെത്തിയതോടെ സന്തോഷ് സഹായിയായി. ഡ്യൂട്ടി രജിസ്റ്ററില്‍ ഒപ്പുവച്ചശേഷം ഹാജര്‍ബുക്ക് പരിശോധിച്ച തച്ചങ്കരി ജീവനക്കാരുടെ അവധിയും അപേക്ഷകളും പരിശോധിച്ചു. തുടര്‍ന്ന് ഷെഡ്യൂള്‍ അനുസരിച്ച് വിവിധ സ്ഥലങ്ങളിലേക്ക് പോകേണ്ട സര്‍വീസുകളുടെ ഓപ്പറേഷനായിരുന്നു അടുത്ത പണി.
സാങ്കേതിക കാരണങ്ങളാല്‍ റദ്ദാക്കിയവ ഒഴികെ ദീര്‍ഘദൂര സര്‍വീസുകളുള്‍പ്പെടെ ഷെഡ്യൂളുകളെല്ലാം കൃത്യസമയത്ത് തന്നെ ഓപ്പറേറ്റ് ചെയ്തു. ഇതിനിടെ ജീവനക്കാരുടെ പരാതികള്‍ക്കും ചെവികൊടുത്ത എം.ഡി പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കി.
സെന്‍ട്രല്‍ ഡിപ്പോയിലെ നിലവിലെ ഷെഡ്യൂളുകളുടെ ലാഭ നഷ്ടങ്ങളും പോരായ്മകളും വിലയിരുത്തിയ തച്ചങ്കരി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുള്‍പ്പെടെ ജീവനക്കാരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. സ്‌റ്റേഷന്‍ മാസ്റ്ററുടെ കസേരയില്‍ തച്ചങ്കരിയെ കണ്ട യാത്രക്കാരില്‍ ചിലര്‍ ബസ് സര്‍വീസുകളെപ്പറ്റിയുള്ള പരാതികള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. പരാതികള്‍ പരിഹരിക്കാന്‍ ജീവനക്കാരെ ചുമതലപ്പെടുത്തിയ എം.ഡി സര്‍വീസുകള്‍ മെച്ചപ്പെടുത്താനുള്ള നടപടികളെപ്പറ്റിയും കൂടിയാലോചിച്ചു. വൈകുന്നേരം നാലുമണിവരെ സ്‌റ്റേഷന്‍ മാസ്റ്റര്‍ പദവിയില്‍തുടരുന്ന തച്ചങ്കരി തിരക്കൊഴിഞ്ഞശേഷം സ്‌റ്റേഷന്‍ കെട്ടിടം ചുറ്റിക്കാണും. കോടികള്‍ മുടക്കി പണികഴിപ്പിച്ച കെട്ടിടത്തിലെ മുറികള്‍ വാടകയ്‌ക്കെടുത്തവരുമായും എം.ഡി കൂടിക്കാഴ്ച നടത്തും. എന്‍ക്വയറി കൗണ്ടറിന് സമീപമുള്ള ഓഫീസില്‍ സ്‌റ്റേഷന്‍ മാസ്റ്ററുടെ കസേരയില്‍ തച്ചങ്കരിയെ തിരിച്ചറിഞ്ഞ ചിലര്‍ അപ്പോള്‍തന്നെ ഫോട്ടോയെടുത്ത് നവമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു. കണ്ടക്ടറായും മെക്കാനിക്കായും മുമ്പ് പ്രത്യക്ഷപ്പെട്ട തച്ചങ്കരി സ്‌റ്റേഷന്‍ മാസ്റ്ററായ പോസ്റ്റുകളും നവമാധ്യമങ്ങളില്‍ ലൈക്കുകളും ഷെയറുകളും വാരിക്കൂട്ടുന്നുണ്ട്. ഇനി മെക്കാനിക്കിന്റെയും ടയര്‍തൊഴിലാളികളുടെയും വേഷത്തിലും തച്ചങ്കരി പ്രത്യക്ഷപ്പെട്ടേക്കും. ശരീരത്തിലും വസ്ത്രത്തിലും കരിപറ്റുന്ന ജോലിയായതിനാല്‍ അത് ഉപേക്ഷിക്കാനും സാധ്യതയുണ്ട്.

Comments

comments