Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

നിപ്പ വൈറസ്: രണ്ടുപേര്‍കൂടി മരിച്ചു; ഭീതി പരത്തി ഡെങ്കിയും


കോഴിക്കോട്: നിപ്പ വൈറസ് ലക്ഷണങ്ങളോടെ കോഴിക്കോട് ചികിത്സയിലായിരുന്ന രണ്ടു പേര്‍ കൂടി മരിച്ചു. നിപ്പ വൈറസ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന കൂരാച്ചുണ്ട് സ്വദേശി രാജന്‍, നാദാപുരം സ്വദേശി അശോകന്‍ എന്നിവരാണ് മരിച്ചത്. ഇതോടെ നിപ്പ വൈറസ് ലക്ഷണങ്ങളോടെ മരിച്ചവരുടെ എണ്ണം എട്ടായി. നിപ്പ ഉള്‍പ്പെടെയുളള പനിബാധയില്‍ കോഴിക്കോട്ടും മലപ്പുറത്തുമായി മരണം പതിനൊന്നായി ഉയര്‍ന്നു. നിപ്പ രോഗലക്ഷണങ്ങളോടെ എട്ടു പേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
നിപ്പ വൈറസിനൊപ്പം മലപ്പുറം ജില്ലയുടെ മലയോര മേഖലകളില്‍ ഡെങ്കിപ്പനി പടരുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. നിലമ്പൂര്‍ കരുളായില്‍ ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. 38 പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം കാളികാവ് പഞ്ചായത്തില്‍ മാത്രം 80 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇപ്രാവശ്യം മഴക്കാലത്തിന്റെ തുടക്കത്തില്‍ തന്നെ കാളികാവ് പഞ്ചായത്തിലെ പൂങ്ങോട് എട്ടു പേര്‍ക്കാണ് ഡെങ്കിപ്പനി കണ്ടെത്തിയത്. കൂടുതല്‍ പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും കാളികാവ് സിഎച്ച്‌സിയിലുമായി ചികിത്സയിലുണ്ട്.
പൂങ്ങോട്ട് ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത. ഈ ഭാഗത്ത് ടാപ്പിങ് നിര്‍ത്തിവെച്ച രണ്ടു റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടകളിലെ വെളളത്തില്‍ കൊതുകു നിറഞ്ഞതാണ് കാരണമായി കരുതുന്നത്. കാളികാവ് സിഎച്ച്‌സിയില്‍ പനി ബാധിച്ച് എത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ജില്ലയില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിച്ചേക്കുമെന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ്. വനമേഖലയോട് ചേര്‍ന്ന നിലമ്പൂര്‍ കുറുമ്പലങ്ങോട് ഭാഗത്തും ഒട്ടേറെപേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ട്.
അതേസമയം, നിപ്പ വൈറസ് ഭീതി തുടരുന്ന കോഴിക്കോട്ട് കൂടുതല്‍ വിദഗ്ധര്‍ പരിശോധന നടത്തും. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദഗ്ധരാണ് ഇന്നെത്തുക. വൈറസ് ബാധ സ്ഥിരീകരിച്ച പേരാമ്പ്രയിലടക്കം സംഘം സന്ദര്‍ശിക്കും. നിപ്പ ലക്ഷണങ്ങളോടെ രണ്ട് നഴ്‌സുമാരടക്കം ഒമ്പത് പേരാണ് ചികിത്സയിലുളളത്.
ദേശീയ രോഗനിര്‍ വ്യാപന കേന്ദ്രത്തിലെ വിദഗ്ധ സംഘമാണ് രോഗത്തിന്റെ ഉറവിടം സംബന്ധിച്ച് അന്തിമ അനുമാനത്തിലെത്തിയത്. ചെങ്ങരോത്തെ മൂസയുടെ വീട്ടില്‍ നിന്നും പിടികൂടിയ വവ്വാലുകളുടെ പരിശോധന റിപ്പോര്‍ട്ട് കിട്ടിയാലേ വൈറസ് ബാധയുടെ ഉറവിടം സംബന്ധിച്ച് വ്യക്തമാകൂ. നിലവില്‍ നാലുപേര്‍ക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒന്‍പതു പേര്‍ രോഗലക്ഷണങ്ങളുമായി ചികിത്സയിലുണ്ട്.
ചെങ്ങരോത്ത് മൂസയുടെ വീടിന് സമീപത്തെ അറുപത് പേരുടെ രക്തസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗികളുടെ ഒരു മീറ്ററിനുള്ളില്‍ വായുവില്‍ രോഗാണുക്കളുടെ സാന്നിധ്യം ഉണ്ടാകാന്‍ സാധ്യതയേറെയായതിനാല്‍ അടുത്ത് ഇടപെടുമ്പോള്‍ മുന്‍കരുതല്‍ സ്വീകരിക്കാന്‍ കേന്ദ്ര സംഘം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എയിംസ് സംഘത്തോടപ്പം കേന്ദ്ര മൃഗപരിപാലന സംഘവും ഇന്ന് പേരാമ്പ്രയിലെത്തും. സ്വകാര്യ ആശുപത്രികളുടെ സഹായത്തോടെ ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങളും നടക്കുന്നു.

Comments

comments