Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ഇന്ധന വില: കേന്ദ്രം ഇടപെടുന്നു


ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില ദിനംപ്രതി അനിയന്ത്രിതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. എണ്ണക്കമ്പനികളുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ തന്നെ കൂടിക്കാഴ്ച നടത്തും. അതേസമയം, പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് നികുതി കുറയ്ക്കണമെന്ന കേന്ദ്ര ധനമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്യാനും പെട്രോളിയം മന്ത്രി തീരുമാനിച്ചിട്ടുണ്ട്. വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് പ്രധാന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ പെട്രോള്‍ വില വര്‍ദ്ധിക്കുന്നത് ജനവികാരം എതിരാക്കുമെന്ന് കേന്ദ്രം കണക്ക് കൂട്ടുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വില വര്‍ദ്ധന പിടിച്ചു നിറുത്തണമെന്ന് കേന്ദ്ര സര്‍ക്കാരില്‍ തന്നെ അഭിപ്രായമുള്ളവരുണ്ട്.
കര്‍ണാടക വോട്ടെടുപ്പിന് ശേഷം മാത്രം പെട്രോളിന് 1.68 രൂപയും ഡീസലിന് 1.56 രൂപയും കൂടി. മുംബൈയിലാണ് പെട്രോളിന് ഏറ്റവും ഉയര്‍ന്നവില. ലിറ്ററിന് 84.40 രൂപ. ഡീസലിന് ഉയര്‍ന്ന വില ഹൈദരാബാദില്‍; 73.72 രൂപ. കര്‍ണാടക തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എണ്ണവിതരണ കമ്പനികള്‍ പ്രതിദിന ഇന്ധനവില ‘വര്‍ദ്ധന’ വോട്ടെടുപ്പ് നാള്‍വരെ നിറുത്തിവച്ചിരുന്നു. ഇക്കാലയളവില്‍ പെട്രോളിന് 4.6 രൂപയും ഡീസലിന് 3.8 രൂപയും കൂടേണ്ടതായിരുന്നു. ഈ ‘നഷ്ടം’ കൂടി ഉള്‍പ്പെടുത്തിയുള്ള വില വര്‍ദ്ധനയാണ് ഇപ്പോള്‍ എണ്ണക്കമ്പനികള്‍ നടപ്പാക്കുന്നത്. ഇപ്പോള്‍ ഉപഭോക്താവിന് കിട്ടുന്ന പെട്രോളിന്റെ വിലയില്‍ 50 ശതമാനവും ഡീസല്‍ വിലയില്‍ 40 ശതമാനവും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതികളാണ്. അതേസമയം, എക്‌സൈസ് നികുതി കുറയ്ക്കുന്നത് പശ്ചാത്തല വികസന പദ്ധതികള്‍ക്കുള്ള കേന്ദ്രത്തിന്റെ വിഭവ സമാഹരണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ധനമന്ത്രാലയം പറയുന്നത്. ലിറ്ററിന് രണ്ടുരൂപ പ്രകാരം നികുതി കുറച്ചാല്‍പ്പോലും 25,000 കോടി രൂപയാണ് കേന്ദ്രത്തിന്റെ നഷ്ടം. കഴിഞ്ഞ ബഡ്ജറ്റില്‍ എക്‌സൈസ് നികുതി കുറച്ചെങ്കിലും പകരം സെസ് ഏര്‍പ്പെടുത്തിയതിനാല്‍ അതിന്റെ ഗുണം ലഭിച്ചിരുന്നില്ല.

Comments

comments