യുവാക്കളോടൊപ്പം പിടിയിലായത് ഒരാഴ്ചമുമ്പ് കാണാതായ നവവധു
കാസര്‍കോട്: കാറില്‍ കറങ്ങുന്നതിനിടെ യുവാക്കളോടൊപ്പം പിടിയിലായത് ഒരാഴ്ച മുമ്പ് ഭര്‍തൃവീട്ടില്‍ നിന്നും കാണാതായ നവവധുവാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. കഴിഞ്ഞ ദിവസം രാത്രിയാണ് 19കാരിയായ യുവതിയെയും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായ മൂന്ന് യുവാക്കളെയും കാസര്‍കോട് നഗരത്തില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തത്.
ലഹരി മാഫിയ സംഘത്തില്‍പെട്ട മൂന്ന് യുവാക്കളോടൊപ്പം കാറില്‍ കറങ്ങുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ യുവതി ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമയാണെന്നും യുവാക്കള്‍ ലഹരിമാഫിയ സംഘത്തില്‍പെട്ടവരാണെന്നും വ്യക്തമായി. തന്നെ യുവാക്കള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി പോലീസിന് മൊഴി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായില്ല.
സ്കൂള്‍ പഠനകാലത്ത് തന്നെ ബ്രൗണ്‍ഷുഗര്‍ അടക്കമുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ക്ക് യുവതി അടിമയായിരുന്നു. ലഹരി മാഫിയ സംഘമാണ് യുവതിയെ തങ്ങളുടെ വലയിലാക്കിയത്. ആറു മാസം മുമ്പാണ് യുവതി വിവാഹിതയായത്. ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും യുവതി വിട്ടുനിന്നതോടെയാണ് വീട്ടുകാര്‍ ഇടപെട്ട് വിവാഹം കഴിപ്പിച്ചത്. ദാമ്പത്യം പ്രശ്നങ്ങളില്ലാതെ കടന്നുപോകുന്നതിനിടെ ഭര്‍ത്താവ് ഗള്‍ഫിലേക്ക് പോയി. ഇതോടെ യുവതി ലഹരി മാഫിയ സംഘങ്ങളുമായുള്ള കൂട്ടുകെട്ട് പുനരാരംഭിക്കുകയായിരുന്നു. ഒരാഴ്ച മുമ്പ് സ്വന്തം വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് യുവതി ഭര്‍തൃഗൃഹത്തില്‍ നിന്നും ഇറങ്ങിയത്. പിന്നീട് തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ് യുവതിയും മൂന്ന് യുവാക്കളും കാറില്‍ കാസര്‍കോട് നഗരത്തില്‍ പ്രത്യക്ഷപ്പെട്ടത്.