Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

കത്തുന്ന വേനല്‍: താപനില 42 ഡിഗ്രി വരെ ഉയരും


മഞ്ചേരി: അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നത് സംസ്ഥാനത്ത് കാര്‍ഷിക മേഖലയെ തളര്‍ത്തുന്നു.
വേനലാരംഭത്തില്‍ തന്നെ അന്തരീക്ഷ താപം വന്‍തോതിലാണ് ഉയരുന്നത്. പാലക്കാട് ഇതിനകം തന്നെ 40 ഡിഗ്രി സെല്‍ഷ്യസ് താപം രേഖപ്പെടുത്തി. സംസ്ഥാനത്ത് താപനില 42 ഡിഗ്രി വരെ ഉയരുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അതിരൂക്ഷ വരള്‍ച്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇത് കാര്‍ഷിക രംഗത്തും പ്രതിസന്ധികള്‍ രൂക്ഷമാക്കുന്നു. പാടശേഖരങ്ങളില്‍ ജലസേചനത്തിന് ശാസ്ത്രീയ സംവിധാനങ്ങളില്ലാത്തതാണ് കര്‍ഷകരെ വലക്കുന്നത്.
ഉയരുന്ന ചൂടിനൊപ്പം ജല ലഭ്യത വേനലാരംഭത്തില്‍ തന്നെ ഗണ്യമായി കുറയുകയാണ്. ഭൗമോപരിതല ജലവിതാനം ക്രമാതീതമായാണ് താഴുന്നതെന്ന് ഭൂജല വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. രൂക്ഷ വരള്‍ച്ചയുടെ ലക്ഷണമാണിതെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വെള്ളത്തിന്റെ കുറവ് കാര്‍ഷികോല്‍പാദനത്തെ ഇപ്പോള്‍ തന്നെ ബാധിച്ചു തുടങ്ങി. പുഴകളും ചെറുതോടുകളുമെല്ലാം വറ്റിവരണ്ടതോടെ ജലസേചനം കൃഷിയിടങ്ങില്‍ നാമമാത്രമാണ്. പച്ചക്കറി കൃഷികളാണ് കടുത്ത പ്രതിസന്ധി നേരിടുന്നത്. നെല്‍കൃഷി വിളവെടുപ്പിനു ശേഷം വയലുകളില്‍ പ്രധാനമായും നടക്കുന്ന പച്ചക്കറി കൃഷിയില്‍ നിന്നും വെള്ളമില്ലെന്ന കാരണത്താല്‍ കര്‍ഷകര്‍ വിട്ടു നില്‍ക്കുന്ന സ്ഥിതിയുമുണ്ട്.
ലഭ്യമായ ജലസമ്പത്ത് ഫലപ്രദമായി ഉപയോഗിക്കാനും നിലവില്‍ ശ്രമങ്ങളില്ല. വരള്‍ച്ച മുന്‍നിര്‍ത്തി ശാസ്ത്രീയ ജലസേചനത്തിനുള്ള സംവിധാനങ്ങള്‍ വ്യാപകമാക്കാനുള്ള ആലോചന പോലും കൃഷിവകുപ്പില്‍ നിന്നോ, ജലവിഭവ വകുപ്പില്‍ നിന്നോ ഉണ്ടായിട്ടില്ല. വിളകള്‍ക്ക് കൂടുതല്‍ വെള്ളം നല്‍കുന്നതിനു പകരം അല്‍പ്പാല്‍പമായി സ്ഥിരമായുള്ള ജലസേചനമായിരിക്കും കനത്ത ചൂടിനെ അതിജീവിക്കാന്‍ അഭികാമ്യമെന്ന് മലപ്പുറം ആനക്കയത്തെ കാര്‍ഷിക ഗവേഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നുണ്ട്. ചെറു തോട്ടങ്ങളില്‍ തിരിനന, വയലുകളില്‍ തുള്ളിനന തുടങ്ങിയ പദ്ധതികള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. താപനില ഉയരുമ്പോള്‍ മണ്ണിനടിയിലെ ഈര്‍പ്പം വേഗത്തില്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഉണങ്ങിയ ഇലകള്‍ വിളകളുടെ ചുവട്ടില്‍ നിക്ഷേപിക്കുന്നത് ഈര്‍പ്പ സംരക്ഷണത്തിനു സഹായിക്കും.
കൃഷി, ജലവിഭവ വകുപ്പുകളുടെ സംയുക്തമായുള്ള ഇടപെടലിലൂടെ മാത്രമെ ഇത്തരം പദ്ധതികള്‍ വ്യാപകമാക്കാനാവൂ. നിലവിലുള്ള കാര്‍ഷികോല്‍പാദനം കുറയാതെ സംരക്ഷിക്കുന്നതിന് കര്‍ഷകര്‍ക്ക് ആശ്വാസകരമായ രീതിയില്‍ പദ്ധതികള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ പ്രവര്‍ത്തികമാക്കണമെന്ന് കര്‍ഷകരും ആവശ്യപ്പെടുന്നുണ്ട്.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തുടരുന്ന അനാസ്ഥ കാര്‍ഷികോല്‍പാദനം പൂര്‍ണമായി നിലക്കാനും ഭക്ഷ്യ പ്രതിസന്ധി സങ്കീര്‍ണമാക്കാനും കാരണമാവും. പരമ്പരാഗത രീതിയിലുള്ള ജലസേചന രീതികളാണ് സംസ്ഥാന വ്യാപകമായിതന്നെ നിലവില്‍ കര്‍ഷകര്‍ സ്വീകരിക്കുന്നത്. വേനല്‍മഴയുണ്ടെങ്കില്‍ മാത്രമെ ഇത്തരത്തില്‍ കൃഷി മുന്നോട്ടു കൊണ്ടുപോവാന്‍ സാധിക്കൂ. എന്നാലിത്തവണ വേനല്‍മഴക്കുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നില്ല. നിലവില്‍ ഉയര്‍ന്നു നില്‍ക്കുന്ന അന്തരീക്ഷ താപം വരും ദിവസങ്ങളില്‍ ഇനിയുമുയരുമെന്നാണ് മുന്നറിയിപ്പ്. മേഘങ്ങളില്ലാതെ ആകാശം ഒഴിഞ്ഞു നില്‍ക്കുന്നതും ചൂട് വര്‍ധിപ്പിക്കുകയാണ്.

Comments

comments