ചാലക്കുടിയിലും കാട്ടുതീ; കെടുത്താന്‍ തീവ്രശ്രമം

ചാലക്കുടി: കൊരങ്ങിണി വനമേഖലയില്‍ കാട്ടുതീ പടര്‍ന്നതിന് പിന്നാലെ അതിരപ്പിള്ളി മേഖലയിലെ വെറ്റിലപ്പാറയില്‍ ഉള്‍ക്കാട്ടിലും കാട്ടുതീ. തീ കെടുത്താന്‍ ഫയര്‍ ഫോഴ്സും പൊലീസും നാട്ടുകാരും വനസംരക്ഷണ സമിതി പ്രവര്‍ത്തകരും കഠിന പരിശ്രമം തുടരുന്നു. നൂറേക്കറോളം പ്രദേശത്ത് തീ പടര്‍ന്നിട്ടുണ്ട്. കാറ്റു കനത്തതിനാല്‍ തീ പടര്‍ന്ന മേഖലയിലേക്ക് കൂടുതല്‍ അടുക്കാന്‍ കഴിയുന്നില്ല. വന്‍ മരങ്ങള്‍ അടക്കം കത്തിനശിച്ചു. തൃശൂര്‍ പിള്ളപ്പാറയിലും അതിരപ്പിള്ളി വടാമുറിയിലുമാണ് തീപിടിച്ചത്. കൊന്നക്കുഴിക്കും ചായ്പ്പന്‍കുഴിക്കും ഇടയ്ക്കുള്ള കൊടപ്പന്കല്ലിലുമുണ്ടായ തീ പൂര്‍ണമായി കെടുത്തി. ഇവിടെ 30 ഹെക്ടര്‍ അടിക്കാട് കത്തിനശിച്ചിട്ടുണ്ട്.
അമൂല്യമായ സസ്യജാലങ്ങള്ക്കൊപ്പം വന്യജീവികളും തീയില്‍ അകപ്പെട്ടെന്നാണ് കരുതുന്നത്. എത്ര മണിക്കൂര്‍ കൊണ്ട് തീ കെടുത്താനാവുമെന്ന് നിശ്ചയമില്ല. എന്നാല്‍ തീ കൂടുതല്‍ പ്രദേശത്തേക്ക് പടരാതിരിക്കാന്‍ ഫയര്‍ ലൈന്‍ വെട്ടി സുരക്ഷിതമാക്കാന്‍ ശ്രമം പുരോഗമിക്കുകയാണ്. നൂറോളം പേരാണ് തീ കെടുത്താന്‍ രംഗത്ത് ഉള്ളത്.