Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

സിപിഎം കൊലയാളിസംഘം രൂപീകരിച്ചു


കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കണ്ണൂര്‍ എടയന്നൂര്‍ സ്വദേശി ശുഹൈബ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധം കടുപ്പിച്ചു കോണ്‍ഗ്രസ്. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനറിയാതെ കണ്ണൂരില്‍ ഇങ്ങനെയൊരു കൊലപാതകം നടക്കില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍.
കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി കലക്ടേറ്റിനു മുന്നില്‍ നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുക, ശുഹൈബിന്റെ കൊലയാളികളെ പിടികൂടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള ഉപവാസ സമരം രാവിലെ 10ന് ആരംഭിച്ചു. ഉച്ചയ്ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെത്തി ഉദ്ഘാടനം ചെയ്തു.
സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനമാണ് വി.ഡി. സതീശന്‍ നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന് ഈ കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്നു വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അറിയാതെയാണെങ്കില്‍ ഈ കൊലപാതകം ആസൂത്രണം ചെയ്ത ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ 24 മണിക്കൂറിനുള്ളില്‍ നടപടിയെടുക്കാന്‍ അദ്ദേഹം തയാറാണോ എന്നു വ്യക്തമാക്കണം. കൊലപാതകം നടത്താന്‍ സിപിഎം ജില്ലയില്‍ കില്ലര്‍ ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ട്. ലോകത്തിലെ അറിയപ്പെടുന്ന തീവ്രവാദി സംഘടനകള്‍ പോലും ഇത്രയും ക്രൂരവും ആസൂത്രിതവുമായ കൊലപാതകങ്ങള്‍ ചെയ്യാറില്ല. ശുഹൈബിനെ കൊലപ്പെടുത്തിയ രീതി അറിഞ്ഞാല്‍ ഐഎസ് ഭീകരന്‍മാര്‍പോലും സിപിഎമ്മിനു മുന്നില്‍ ആയുധം വച്ചു കീഴടങ്ങും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കുറ്റവാളികളെ പിടികൂടാന്‍ വൈകുന്നതിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്നു പരുക്കേറ്റ് ചികിത്സയിലുള്ളവര്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. എന്നിട്ടും അക്രമിസംഘത്തെക്കുറിച്ച് ഒരു വിവരവും പോലീസിനു കണ്ടെത്താന്‍ സാധിച്ചില്ലെന്നും ആരോപണമുണ്ട്.
കഴിഞ്ഞമാസം എബിവിപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ മണിക്കൂറുകള്‍ക്കകം എസ്ഡിപിഐ പ്രവര്‍ത്തകരായ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു ഇന്ന് കണ്ണൂര്‍ ജില്ലയില്‍ പഠിപ്പു മുടക്കുകയാണ്. എടയന്നൂരില്‍ വന്‍ ജനാവലിയെ സാക്ഷിനിര്‍ത്തിയാണ് ഇന്നലെ രാത്രി വൈകി ശുഹൈബിന്റെ കബറടക്കം നടത്തിയത്.

Comments

comments