Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ദക്ഷിണാഫ്രിക്കയില്‍ ചരിത്രം കുറിച്ച് കോഹ്ലിയും സംഘവും; ഏകദിന പരമ്പര ഇന്ത്യക്ക് സ്വന്തം


പോര്‍ട്ട്എലിസബത്ത്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പോര്‍ട്ട് എലിസബത്തില്‍ നടന്ന അഞ്ചാം ഏകദിന മത്സരത്തില്‍ വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചരിത്രം കുറിച്ചു. അഞ്ചാം ഏകദിനം വിജയിച്ചതോടെ ആദ്യമായി ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഏകദിന പരമ്പര സ്വന്തമാക്കുകയായിരുന്നു. ആറ് ഏകദിന മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളതെങ്കിലും നാല് മത്സരങ്ങള്‍ വിജയിച്ചതോടെ പരമ്പര ഇന്ത്യക്ക് സ്വന്തമാകുകയായിരുന്നു. നേരത്തെ നടന്ന ടെസ്റ്റ് പരമ്പരയും ഇന്ത്യയാണ് സ്വന്തമാക്കിയത്.
ഇന്ത്യ ഉയര്‍ത്തിയ 275 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 42.2 ഓവറില്‍ 201 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യക്ക് 74 റണ്‍സിന്റെ വിജയം. സെഞ്ചുറി കുറിച്ച രോഹിത് ശര്‍മ(115)യുടെയും നാലു വിക്കറ്റ് നേടിയ കുല്‍ദീപ് യാദവിന്റെയും പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.
ഓപ്പണര്‍മാരായ രോഹിതും ശിഖര്‍ ധവാനും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിംഗ്‌സിനു മികച്ച തുടക്കം നല്‍കിയെങ്കിലും ഇന്ത്യന്‍ സ്‌കോര്‍ 48ല്‍ റബാഡയുടെ പന്തില്‍ ധവാന്‍(34) ഫെലുക്വോയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ കോഹ്ലിയും രോഹിതും ചേര്‍ന്ന് ഇന്നിംഗ്‌സ് മുന്നോട്ടുനയിച്ചു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 105 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ രോഹിതുമായുള്ള ആശയക്കുഴപ്പത്തില്‍ കോഹ്ലി(36) റണ്ണൗട്ടായി. പിന്നാലെ എത്തിയ അജിങ്ക്യെ രഹാനെ(8)യ്ക്കും കൂടുതല്‍ നേരം ക്രീസില്‍ നില്‍ക്കാന്‍ കഴിഞ്ഞില്ല. രഹാനെയും രോഹിതുമായുണ്ടായ ആശയക്കുഴപ്പത്തിലാണ് പുറത്തായത്.
ഇതിനുശേഷം ശ്രേയസ് അയ്യര്‍ക്കൊപ്പം ശ്രദ്ധയോടെ ബാറ്റു ചെയ്ത രോഹിത് 107 പന്തുകളില്‍നിന്നു സെഞ്ചുറി തികച്ചു. നാലാം വിക്കറ്റില്‍ ഈ സഖ്യം60 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ എന്‍ഗിഡിക്ക് ഇരയായി രോഹിത് മടങ്ങി. നേരിട്ട ആദ്യ പന്തില്‍ ഹാര്‍ദിക് പാണ്ഡ്യയും പുറത്തായി. 30 റണ്‍സ് നേടി ശ്രേയസ് അയ്യരും 17 പന്തില്‍ 13 റണ്‍സ് നേടി ധോണിയും മടങ്ങി.

Comments

comments