തോല്പ്പിച്ചോ, കൊല്ലരുത്

കണ്ണൂര്‍: കണ്ണൂര്‍ വീണ്ടും കണ്ണീരണിയുന്നതിന്റെ പ്രധാന ഉത്തരവാദികള്‍ സംസ്ഥാന, കേന്ദ്ര ഭരണകക്ഷികളായ സിപിഐഎമ്മും ബിജെപിയുമാണെന്ന് വിടി ബല്‍റാം എംഎല്‍എ. കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകത്തോട് പ്രതികരിക്കുകയായിരുന്നു ബല്‍റാം.
ക്രമസമാധാനച്ചുമതലയുള്ള സംസ്ഥാന സര്‍ക്കാരിന് നേതൃത്വം നല്കുന്ന രാഷ്ട്രീയ പാര്‍ട്ടി ഭീകരവാദികളേപ്പോലെ പെരുമാറുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശുഹൈബിന്റെ കൊലപാതകം. ഇക്കാര്യത്തില്‍ എന്‍ഐഎ അന്വേഷണം നടത്തണമെന്നും വിടി ബല്‍റാം ആവശ്യപ്പെട്ടു.
‘കൊല്ലാം, പക്ഷേ തോല്‍പ്പിക്കാനാവില്ല’ എന്ന നിങ്ങളുടെ വീരസ്യം പറച്ചിലല്ല, ‘നിങ്ങള്‍ വേണമെങ്കില്‍ തോല്‍പ്പിച്ചോളൂ, എന്നാല്‍ കൊല്ലാതിരിക്കാനുള്ള മനുഷ്യത്ത്വം കാണിക്കണം’ എന്നാണ് നിയമവാഴ്ചയില്‍ പ്രതീക്ഷയുള്ള ഒരു ആധുനിക സമൂഹത്തിന് പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രാകൃത വിശ്വാസക്കാരായ കമ്മ്യൂണിസ്റ്റുകളോട് പറയാനുള്ളത്. എന്നാല്‍ ജനാധിപത്യപരമായി തോല്‍പ്പിക്കാന്‍ കഴിയില്ല എന്ന ഭീരുത്വമാണ് നിങ്ങളെക്കൊണ്ട് ആയുധമെടുപ്പിക്കുന്നത്. ബല്‍റാം പറയുന്നു.
ഷൂഹൈബിനെ സിപിഎം അക്രമികള്‍ വെട്ടിക്കൊന്ന സംഭവം മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ചുവപ്പ് ഭീകരതയുടെ തേര്‍വാഴ്ചയാണ് കണ്ണൂരില്‍ നടക്കുന്നത്.
പോലീസിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ സിപിഎം നിയമവാഴ്ചയെ കയ്യിലെടുത്തിരിക്കുകയാണ്. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം 21 രാഷ്ട്രീയ കൊലപാതകങ്ങളാണ് കണ്ണൂരില്‍ അരങ്ങേറിയതെന്നും ചെന്നിത്തല പറഞ്ഞു.