Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊന്നു; കണ്ണൂരില്‍ ഹര്‍ത്താല്‍


കണ്ണൂര്‍: മട്ടന്നൂരിനു സമീപം എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. യൂത്ത് കോണ്‍ഗ്രസ് കീഴല്ലൂര്‍ മണ്ഡലം പ്രസിഡന്റായിരുന്ന എടയന്നൂര്‍ സ്‌കൂള്‍ പറമ്പത്ത് ഹൗസില്‍ ഷുഹൈബിന്റെ (30) കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ തടയില്ലെന്ന് ഹര്‍ത്താല്‍ അനുകൂലികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഊട്ട് ഉത്സവം കണക്കിലെടുത്ത് പയ്യാവൂര്‍ പഞ്ചായത്തിനെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.
മട്ടന്നൂര്‍ സ്‌റ്റേഷന്‍ പരിധിയിലെ എടയന്നൂര്‍ തെരൂരില്‍ ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷമാണ് ഇന്നലെ രാത്രി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബോംബേറില്‍ പരുക്കേറ്റ പള്ളിപ്പറമ്പത്ത് ഹൗസില്‍ നൗഷാദ്(27), റിയാസ് മന്‍സിലില്‍ റിയാസ്(27) എന്നിവര്‍ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
സുഹൃത്തിന്റെ തട്ടുകടയില്‍ ചായ കുടിക്കുകയായിരുന്ന ഇവര്‍ക്കു നേരെ വാനിലെത്തിയ സംഘം ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷം വെട്ടി പരുക്കേല്‍പിക്കുകയായിരുന്നു. രാത്രി 11.30നാണു സംഭവം. ഇരുകാലുകള്‍ക്കും സാരമായി വെട്ടേറ്റ ഷുഹൈബിനെ കോഴിക്കോട്ടേക്കു കൊണ്ടുപോകുംവഴി തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ ഒന്നിനാണ് മരിച്ചത്.
മട്ടന്നൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അക്രമികളെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയാണ് ആഹ്വാനം ചെയ്തത്. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോഷി കണ്ടത്തില്‍ എന്നിവര്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു. പരിയാരം മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് പോലീസ് സര്‍ജന്‍ അവധിയായതിനാല്‍ ഷുഹൈബിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. ഷുഹൈബിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇന്നലെ രാത്രി പരിയാരത്തേക്കു മാറ്റിയിരുന്നു.പോലീസ് ഇന്‍ക്വസ്റ്റ് പരിയാരം മോര്‍ച്ചറിയില്‍വെച്ച് നടത്തുകയും ചെയ്തിരുന്നു. പിന്നീടാണ് കോഴിക്കോടേക്ക് മാറ്റിയത്.

Comments

comments