Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

സി.പി.എം സെക്രട്ടറി കോടിയേരി മാറുമോ?. പകരം രണ്ടു പേരുകള്‍


തിരുവനന്തപുരം: സി.പി. എം സംസ്ഥാന സമ്മേളനം തുടങ്ങാന്‍ ഏതാനും ദിവസങ്ങള്‍മാത്രം ശേഷിക്കെ, മക്കളുടെ ബിസിനസ് ഇടപാട് സംബന്ധിച്ച ആരോപണങ്ങള്‍ സൃഷ്ടിച്ച വിവാദത്തില്‍ കുരുങ്ങിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാറേണ്ടി വരുമോയെന്ന ചോദ്യം രാഷ്ട്രീയകേന്ദ്രങ്ങളില്‍ ചര്‍ച്ചയാവുന്നു. സെക്രട്ടറി പദത്തില്‍ ആദ്യ ടേം മാത്രം പിന്നിടുന്ന കോടിയേരി മാറില്ലെന്ന സൂചനയാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്നതെങ്കിലും പുതിയ സംഭവവികാസങ്ങളാണ് ആകാംക്ഷയുണര്‍ത്തുന്നത്. മകന്‍ ബിനോയിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസ് സമ്മേളനത്തിന് മുമ്പേ ഒതുക്കിത്തീര്‍ക്കാനുള്ള ചരടുവലികള്‍ വേഗത്തില്‍ നടക്കുന്നുണ്ട്. ഇതിനിടയില്‍ ബിനോയിയുടെ ബാധ്യത എത്രയായാലും അത് നല്‍കാന്‍ തയ്യാറാണെന്ന് കാസര്‍കോടുകാരനായ ഒരു വ്യവസായി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രണ്ട് വ്യക്തികള്‍ തമ്മിലെ ബിസിനസ് ഇടപാടില്‍ സി.പി.എമ്മിന് ഒന്നും ചെയ്യാനില്ലെന്ന നിലപാടാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം എടുത്തിരിക്കുന്നതെങ്കിലും ബംഗാള്‍ സംസ്ഥാനസമിതിയില്‍ ചിലര്‍ വിഷയം ഉയര്‍ത്തിയത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. പ്രതിപക്ഷവും ബി.ജെ.പിയും ഇത് സി.പി.എമ്മിനെതിരെ രാഷ്ട്രീയായുധമാക്കിയിരിക്കുന്നു. ഇപ്പോഴത്തെ കേസ് ഒതുക്കിത്തീര്‍ത്താലും ബി.ജെ.പി, ദേശീയതലത്തില്‍ ഇത് സി.പി.എമ്മിനെ അടിക്കാനുള്ള വടിയായി എടുത്തിരിക്കുന്നതാണ് തലവേദന സൃഷ്ടിക്കുന്നത്. അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കവേ പാര്‍ട്ടിയെ ബുദ്ധിമുട്ടിലാക്കുമെന്ന തോന്നലാണ് ചില കേന്ദ്രങ്ങളിലെങ്കിലും നേതൃമാറ്റ ചര്‍ച്ചകള്‍ നടക്കുന്നതെന്നാണ് വിവരം.
കോടിയേരി മാറേണ്ടി വന്നാല്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ഗോവിന്ദന്റെ പേരാണ് പ്രധാനമായും പറഞ്ഞുകേള്‍ക്കുന്നത്. കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്റെ പേരും പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഇതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ പറയുന്നത്. ബിനോയിയുടെ വിഷയത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം കോടിയേരിയെ ശക്തിയായി പിന്തുണയ്ക്കുകയും പാര്‍ട്ടിക്കെതിരായ രാഷ്ട്രീയായുധമായി പ്രതിപക്ഷം ഇതിനെ ഉപയോഗിക്കുന്നുവെന്ന് ആരോപിക്കുകയും ചെയ്ത സ്ഥിതിക്ക് മറ്റ് തരത്തിലുള്ള ചര്‍ച്ചകള്‍ക്കൊന്നും പ്രസക്തിയില്ലെന്നാണ് വാദം. സി.പി.എമ്മിന് പങ്കില്ലാത്ത വിഷയം എന്ന നിലയിലാണ് ഇതിനെ പാര്‍ട്ടി തുടക്കം മുതല്‍ വിലയിരുത്തിയതും. വിഷയം ചര്‍ച്ച ചെയ്ത സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അതിന്റെ അടിസ്ഥാനത്തിലാണ് പത്രക്കുറിപ്പിറക്കിയത്.
പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രന്‍ പിള്ളയും എം.എ.ബേബിയും പങ്കെടുത്ത യോഗമാണ് ഇങ്ങനെയൊരു നിലപാടെടുത്തത് എന്നതും ശ്രദ്ധേയമാണ്. ഈ ഘട്ടത്തില്‍ കോടിയേരിയെ മാറ്റാന്‍ തുനിഞ്ഞാല്‍, പാര്‍ട്ടി നിലപാടിനെ തന്നെ അത് തള്ളിപ്പറയുന്നത് പോലെയാവുമെന്നതിനാല്‍ സ്ഥാനമാറ്റത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങളെല്ലാം നേതൃത്വം തള്ളിക്കളയുന്നു. പരാതി കിട്ടിയെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സ്ഥിരീകരിച്ചതും ബംഗാള്‍ പാര്‍ട്ടിയില്‍ വിഷയം ചര്‍ച്ചയാക്കിയതും കേന്ദ്രനേതൃത്വത്തിലെ ഭിന്നതയുടെ പ്രതിഫലനമായും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കാരാട്ട് പക്ഷത്തോടൊപ്പമാണ് കേരളഘടകം ഉറച്ചുനില്‍ക്കുന്നത്. ഈ മാസം 22 മുതല്‍ 25വരെ തൃശൂരിലാണ് സി.പി.എം സംസ്ഥാന സമ്മേളനം നടക്കുന്നത്. അതിന് മുന്നോടിയായി ബ്രാഞ്ച് സമ്മേളനങ്ങള്‍ മുതല്‍ ജില്ലാ സമ്മേളനങ്ങള്‍വരെ പൂര്‍ത്തിയായിക്കഴിഞ്ഞു.

Comments

comments