Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ജാനകിവധക്കേസില്‍ അറസ്റ്റ് വൈകുന്നു; ജനങ്ങളില്‍ അമര്‍ഷം പടരുന്നു

ചെറുവത്തൂര്‍: ചീമേനി പുലിയന്നൂരിലെ റിട്ട.അധ്യാപിക വലിയവീട്ടില്‍ ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം നടന്നിട്ട് ഒരുമാസം തികഞ്ഞിട്ടും പ്രതികള്‍ കാണാമറയത്ത്.
ഘാതകരുടെ അറസ്റ്റ് നീളുമ്പോള്‍ നാട്ടുകാര്‍ക്കിടയില്‍ അമര്‍ഷവും പടരുകയാണ്. അന്വേഷണം എങ്ങുമെത്തിയില്ലെന്ന തോന്നല്‍ പരന്നതോടെ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് രംഗത്തിറങ്ങി.
കൃത്യം നടന്ന കളത്തേര വീടും പരിസരവും ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന പോലീസ് സംഘം പല തവണ അരിച്ചുപെറുക്കി. പ്രതികളിലേക്കെത്തുന്ന തെളിവുകള്‍ ലഭിച്ചെന്ന് ആദ്യഘട്ടത്തില്‍ തന്നെ സൂചനയുയര്‍ന്നതാണ്. ഏറ്റവുമൊടുവില്‍ രണ്ടാഴ്ച മുമ്പ് അന്വേഷണ പുരോഗതി വിലയിരുത്താന്‍ ചീമേനിയിലെത്തിയ ഐ.ജി ശിവപാല്‍യാദവ് ദിവസങ്ങള്‍ക്കകം പ്രതികള്‍ വലയിലാകുമെന്ന് വ്യക്തമാക്കിയിരുന്നു. പക്ഷേ, ഇതുവരെ അറസ്റ്റിലേക്ക് എത്തിയിട്ടില്ല കാര്യങ്ങള്‍.
കഴിഞ്ഞ ഡിസംബര്‍ 13 ന് രാത്രി ഒമ്പതരയോടെയായിരുന്നു മൂന്നംഗമുഖംമൂടി സംഘത്തിന്റെ ആക്രമണം. റിട്ട.അധ്യാപിക ജാനകിയെ കൊലപ്പെടുത്തിയ സംഘം ഭര്‍ത്താവ് കളത്തേര കൃഷ്ണനെ (68) വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇരുവരും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
ദമ്പതികളുടെ അടുത്ത ബന്ധുവിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണത്തിന്റെ തുടക്കം. ഇയാള്‍ ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘമാണ് കൃത്യം നടത്തിയതെന്ന അഭ്യൂഹം പരക്കുകയായിരുന്നു. ഇതില്‍ പിടിച്ചുതൂങ്ങിയതാണ് അന്വേഷണ പുരോഗതിയ്ക്ക് തടസ്സമായതെന്ന ആക്ഷേപം ശക്തമായുണ്ട്. പ്രദേശത്ത് പണിക്കെത്തിയിരുന്ന അന്യസംസ്ഥാന തൊഴിലാളികളിലേക്കും അന്വേഷണം നീണ്ടിരുന്നു. മഹാരാഷ്ട്രയിലേക്കും കര്‍ണാടകയിലേക്കും പോയ പോലീസ് സംഘത്തിന് പ്രത്യേകിച്ച് ഒരു തുമ്പും കിട്ടാതെ മടങ്ങുകയാണ് ഉണ്ടായത്.
ആയിരക്കണക്കിന് ഫോണ്‍കോളുകള്‍ ഇതിനിടയ്ക്ക് പരിശോധിച്ചിട്ടുണ്ട്. ജാനകിയുടെ മകന്‍ മഹേഷിന്റെ സുഹൃത്തുക്കളെയും വിളിപ്പിച്ച് ചോദ്യം ചെയ്തു. ആക്രമികള്‍ ധരിച്ച മുഖംമൂടി വാങ്ങിയതെന്ന് കരുതുന്ന പറശ്ശിനിക്കടവിലും പോലീസ് തെളിവെടുപ്പുകള്‍ നടത്തി. ഇനിയും പ്രതികളെ കുറിച്ച് യാതൊരു സൂചനയും കിട്ടാതെ ഇരുട്ടില്‍ അലയുകയാണ് അന്വേഷണസംഘം. തെളിയിക്കപ്പെടാത്ത കേസുകളുടെ ലിസ്റ്റില്‍ ജാനകിവധവും സ്ഥാനം പിടിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.

Comments

comments