Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

സാമ്പത്തിക മാന്ദ്യമല്ല……. ധൂര്‍ത്തിനാണ് മാന്ദ്യമുള്ളത്

-ഷാജി ചുങ്കത്തറ
സാമ്പത്തികമാന്ദ്യമാണ്. വരവ് കുറഞ്ഞു, അത്യാവശ്യങ്ങള്‍ക്കുപോലും ചെലവാക്കാനുള്ള വരുമാനമില്ല, സമ്പാദ്യവുമില്ല എന്നെല്ലാമാണ് പലരും പ്രചരിപ്പിക്കുന്നത്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വില കുറവാണ്. കൃഷിയില്‍ ലാഭം കുറവാണ്. കച്ചവടക്കാര്‍ക്കും വരുമാനം കുറഞ്ഞു. നാം നിത്യേന കേള്‍ക്കുന്ന വാക്കുകളാണിതെല്ലാം. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളാണിതിനു കാരണം. നോട്ട് നിരോധിച്ചതുകൊണ്ടാണ,് കൂടാതെ ജി.എസ്.ടി നടപ്പാക്കിയതുകൊണ്ട് വിലക്കയറ്റവുമായി എന്നതാണ് ആരോപണങ്ങളുടെ അടിസ്ഥാനമായി പറയുന്ന സാമ്പത്തികശാസ്ത്രം. ഗള്‍ഫിലും വരുമാനവും കുറഞ്ഞു. എന്നാല്‍ ഗള്‍ഫിലും നരേന്ദ്രമോഡിയുടേയും ആര്‍.എസ്.എസിന്റേയും നയങ്ങളാണ് അവര്‍ തുടരുന്നതെന്ന് ഇവര്‍ പറയുന്നില്ലെന്നു മാത്രം. യു.എസിലും യുറോപ്പിലും സമ്പദ്‌രംഗം താറുമാറായത് ആര്‍.എസ്.എസ് നയങ്ങള്‍ പിന്തുടര്‍ന്നതുകൊണ്ടാണോ ?
കേരളത്തിലേക്കു നോക്കിയാല്‍ ബംഗാളിയും, ആസാംകാരനും ബീഹാറുകാരുമെല്ലാം എവിടേയും ഏതുസമയത്തും കാണപ്പെടുന്നവരായി മാറി. നിര്‍മ്മാണമേഖലയില്‍ മലയാളിയെ അടുപ്പിക്കാതായി. ഹോട്ടലുകളിലും പെട്രോള്‍ പമ്പിലും പണിശാലകളിലുമെല്ലാം അധ്വാനിക്കുന്ന തൊഴിലാളിവര്‍ഗ്ഗമെന്നാല്‍ മറുനാട്ടുകാരായി മാറി. പെട്രോഡോളര്‍ കുഴിച്ചെടുത്തതോടെ അലസരും ധുര്‍ത്തരുമായി മാറിയ അറബ് ദേശക്കാരെപ്പോലെ ചെയ്യുന്ന തൊഴിലിനോട് നീതി പുലര്‍ത്താതെ വന്നപ്പോഴല്ലേ മലയാളിക്ക് പണിയില്ലാതായതും മറുനാട്ടുകാര്‍ക്ക് അവസരം കിട്ടിയതും. ഇന്ന് ബംഗാളിക്കും ആസാംകാരനും മറ്റൊരു ഗള്‍ഫ് ആയി കേരളം മാറിയിട്ടില്ലേ.
വരുമാനം കുറവുള്ളര്‍ പോലും ആഡംബരവും ആര്‍ഭാടവുമുള്ള ജീവിതശൈലിയിലേക്ക് മാറിയതിന്റെ ദുരന്തഫലമല്ലേ ഇപ്പോള്‍ അനുഭവിക്കുന്നത്. ജന്മിത്തം അവസാനിപ്പിക്കാന്‍ നടപ്പാക്കിയ ഭൂപരിഷ്‌കരണത്തിലുടെ എല്ലാവരും ജന്മിമാരായപ്പോള്‍ കൃഷിയും അധ്വാനവും വേണ്ടെന്നു വെച്ചതിന്റെ ദുരന്തഫലമല്ലേ ഇപ്പോള്‍ കാണുന്നത്. ആഹാരത്തിനുള്ളത് അധ്വാനമില്ലാതെ ലഭിക്കും എന്നു വന്നപ്പോള്‍ പണിയെടുത്തിരുന്നവര്‍ ഒരു പണിയുമെടുക്കാന്‍ തയ്യാറില്ലാത്തവരായി മാറിയില്ലേ? അരി ആന്ധ്രയില്‍നിന്നും വരും, പച്ചക്കറി തമിള്‍നാട്ടിലുമുണ്ട്, നമുക്ക് ആഹാരത്തിനുള്ളത് വേണ്ട ആര്‍ഭാടത്തിനുള്ളതുമതി എന്നു കരുതി റബറിന്റേയും ഭൂമിക്കച്ചവടത്തിന്റേയും പിന്നാലെ പോയതല്ലേ നമ്മുടെ തകര്‍ച്ചയുടെ പ്രധാനകാരണം. വിദ്യാഭ്യാസവും ചികിത്സയും ഭക്ഷണവും കുടിവെള്ളവും സൗജന്യമായിരുന്ന നാട്ടില്‍ ഇതെല്ലാം കച്ചവടവസ്തുക്കളാക്കിയ വൈദേശിക സംസ്‌കാരത്തെ സ്വീകരിച്ചതിന്റെ ദുഷ്ഫലം. പാടത്തും പറമ്പിലും പകലന്തിയോളം പണിയെടുത്ത് ജീവിച്ചവരുടെ അടുത്ത തലമുറ വിദേശത്ത് പോയാല്‍ അധ്വാനിക്കുന്നതുപോലെ സ്വന്തം നാട്ടില്‍ അധ്വാനിക്കാന്‍ തയ്യാറാകാത്തതിന്റെ തിക്തഫലം.
രണ്ടോ മുന്നോ വര്‍ഷം അറേബ്യന്‍ മരുഭൂമിയില്‍ അധ്വാനിച്ചാല്‍ ഒരു വീടും പറമ്പും സമ്പാദിക്കാന്‍ കഴിഞ്ഞിരുന്ന സ്ഥാനത്ത് ഇരുപതു കൊല്ലം ആയാലും ഒരു വീടും പറമ്പും സ്വന്തമാക്കാന്‍ കഴിയാത്തതിനു കാരണം ആവശ്യമില്ലാത്തവനും ഈ ഭൂമി സ്വന്തം ആവശ്യത്തിനല്ലാതെ കച്ചവടത്തിനായി വാങ്ങിക്കൂട്ടിയതുകൊണ്ടല്ലേ? ഇത് ഫലത്തില്‍ ഭൂമിയുടെ പൂഴ്ത്തിവെയ്പും കരിഞ്ചന്തയുമായിരുന്നില്ലേ. ഇതിനുപയോഗിച്ചിരുന്ന കണക്കില്‍പെടാത്ത പണത്തിനും അധ്വാനമില്ലാതെ കിട്ടിയ പണത്തിന്റെ ധൂര്‍ത്തിനും സര്‍ക്കാര്‍ പല വിധത്തിലുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു എന്നതല്ലേ ഇപ്പോള്‍ സംഭവിച്ചിട്ടുള്ളു. അനുമതിയോടെയും നിയമപ്രകാരവും ഏതെങ്കിലും വ്യാപാരമോ വ്യവസായമോ സ്വയം തൊഴില്‍ പദ്ധതികളോ നടത്താന്‍ സര്‍ക്കാര്‍ ഏതെങ്കിലും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ. നോട്ട് നിരോധനം കൊണ്ട് ഇവിടെ ഒരാള്‍ക്കെങ്കിലും പണം നഷ്ടപ്പെട്ടിട്ടുണ്ടോ. ജി.എസ്.ടി നടപ്പാക്കിയതുകൊണ്ട് ഏതെങ്കിലും അവശ്യവസ്തു നാട്ടില്‍ കിട്ടാതായിട്ടുണ്ടോ. കച്ചവടം ചെയ്തു ലാഭമുണ്ടാക്കുമ്പോഴും മറ്റുള്ളവരില്‍നിന്നും അവരുടെ അധ്വാനഫലം ഈടാക്കുമ്പോഴും പൊതുആവശ്യങ്ങള്‍ നടപ്പാക്കാനുള്ള ഒരു വിഹിതം സര്‍ക്കാര്‍ ഖജനാവിലേക്കുകൂടി കൊടുക്കണമെന്നുള്ള നിയമങ്ങള്‍ പാലിക്കില്ലെന്ന ധാര്‍ഷ്ട്യവും ധിക്കാരവുമല്ലേ ഇന്നത്തെ ‘മാന്ദ്യ’മെന്ന അവസ്ഥയുടെ യഥാര്‍ത്ഥ കാരണം. അപ്പോള്‍ ഇത് ഫലത്തില്‍ സാമ്പത്തിക മാന്ദ്യമല്ല. ധൂര്‍ത്തിന്റെ മാന്ദ്യമാണ്. മാന്ദ്യം യഥാര്‍ത്ഥമാണെങ്കില്‍ അത് എല്ലാ മേഖലകളിലും പ്രതിഫലിക്കേണ്ടേ. വാഹനത്തിന്‌റേയും ഇന്ധനത്തിന്റേയും കാര്യത്തില്‍ മാന്ദ്യം എത്രത്തോളം? യഥാര്‍ത്ഥ ദാരിദ്ര്യമുണ്ടെങ്കില്‍ യുദ്ധകാലത്തേതുപോലെ ഉള്ള സ്ഥലത്ത് കൃഷിചെയ്യേണ്ടേ. ചെലവു കുറഞ്ഞ ചികിത്സാരീതികളിലേക്ക് മാറണ്ടേ. നമ്മുടെ നാട്ടില്‍തന്നെ ജിവിക്കുന്ന ബംഗാളിയെ ചികിത്സയുള്‍പ്പെടെയുള്ള ധൂര്‍ത്തില്‍ കാണാത്തതെന്തുകൊണ്ടാണ്. ഇപ്പോഴും ഇവിടെ വാഴുന്ന ഭൂമാഫിയ ഇന്നും പെര്‍മിറ്റില്ലാതെ തങ്ങളുടെ പേരിലല്ലാതെ വീടുകളുണ്ടാക്കി രഹസ്യമായി തങ്ങളുടെ പേരില്‍ രേഖകളിലില്ലാതെ വില്‍ക്കുന്നില്ലേ. വാണിജ്യവാശ്യത്തിനുള്ള കെട്ടിടങ്ങളുണ്ടാക്കി അതിന്റെ പേരില്‍ നിയമവിധേയമല്ലാത്ത ഭീമമായ ഡപ്പോസിറ്റുകള്‍ രേഖകളില്ലാതെ തട്ടിയെടുത്ത് സഹകരണബാങ്കുകളില്‍ ആദായനികുതി വകുപ്പറിയാതെ ദിവസപ്പിരിവുകാരെക്കൊണ്ട് വാടകയും പിരിച്ചെടുത്ത് സമ്പന്നന്‍ ഏറെ സമ്പന്നനാവുന്നതും അധ്വാനിക്കുന്ന കച്ചവടക്കാരെ ചൂഷണം ചെയ്യുന്നതും നിയമം ലംഘിക്കുകയാണെന്നറിഞ്ഞുകൊണ്ടല്ലേ. ഇത് പഴയ കോവിലകം ജന്മിത്തത്തിന്റെ പുതിയ രൂപമല്ലേ.പുതിയവയേക്കാള്‍ കൂടുതല്‍ വാഹനങ്ങള്‍ വില്‍പ്പന രേഖകളില്ലാതെസ്റ്റോക്ക് ചെയ്ത് വില്‍പ്പനയും ലാഭവും കാണിക്കാതെ വില്‍ക്കുന്നില്ലേ. ഇത്തരത്തിലുള്ള കച്ചവടങ്ങള്‍ഫലത്തില്‍ രാജ്യദ്രോഹമാകുന്നില്ലേ. പൊതുസമൂഹത്തിനുകൂടി ലഭ്യമാകേണ്ട പണം ചിലരുടെ കള്ളപ്പണമായി മാറുകയല്ലേ. ജി.എസ്.ടി വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിട്ടും എന്തേ വ്യാപാരികള്‍ ഉപഭോക്താക്കള്‍ക്ക് ബില്ല് നല്‍കാന്‍ തയ്യാറാകുന്നില്ല. രേഖകളില്ലാതെ എന്തും എവിടേയും വില്‍ക്കാനും ലാഭമുണ്ടാക്കാനും ഉപഭോക്താക്കളേയും സര്‍ക്കാരിനേയും അതുവഴി സമൂഹത്തേയും കബളിപ്പിച്ച് തോന്നിയതുപോലെ ജീവിക്കാനും ധൂര്‍ത്തടിക്കാനും അവസരം കിട്ടുന്നില്ല അല്ലെങ്കില്‍ അവസരങ്ങള്‍ കുറഞ്ഞു എന്നതല്ലേ സാമ്പത്തിക മാന്ദ്യമെന്ന ദുഷ്പ്രചരണത്തിനു പിന്നിലുള്ള ദുഷ്ടലാക്ക്. ഈ കാപട്യം എത്രനാള്‍ തുടരാനാവും. പലതരത്തിലുള്ള നോട്ടിരട്ടിപ്പിനുള്ള മാര്‍ഗ്ഗങ്ങള്‍ അടഞ്ഞുപോയതിലുള്ള പരിഭവം മുദ്രാവാക്യം വിളിച്ചുംപ്രകടനം നടത്തിയും മാറ്റാനാവുമോ. വെല്ലുവിളി സര്‍ക്കാരിനോടല്ല പൊതുസമൂഹത്തിനോടാണെന്ന് ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു.പൊരുത്തപ്പെടാന്‍ തയ്യാറാവുക എന്നതുമാത്രമാണ് കരണീയം.

Comments

comments